കാസര്‍കോട്: ടൂറിസം രംഗത്ത് മലബാറിന്‍റെ മുഖച്ഛായ മാറ്റാന്‍ ബേക്കലില്‍ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് അനുഭവഭേദ്യമാക്കാന്‍ ബേക്കലിലൊരുങ്ങുന്ന ടൂറിസം വില്ലേജിന് സാധിക്കും. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് തയ്യാറാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. തദ്ദേശീയരായ ജനങ്ങള്‍ കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധിക്കും.
നിലവില്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരികളാക്കണമെങ്കില്‍ അവര്‍ക്ക് ഇവിടെ 24മണിക്കൂറും ചിലവഴിക്കാന്‍ കഴിയണം. താമസ സൗകര്യങ്ങളുടെ അപര്യാപ്‌തത ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഉണ്ട്. ടൂറിസം വില്ലേജ് വരുന്നതോടെ വൈകുന്നേരങ്ങള്‍ ചിലവഴിച്ച് പോകുന്ന സ്ഥിതി മാറ്റി ഇവിടെ താമസിക്കുന്ന നിലയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.