കാസർകോട്: ചരിത്രത്തിലാദ്യമായി എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കേരളത്തിൽ മൂന്നാം ബദൽ ശക്തിപ്പെടുകയാണ്. പല മണ്ഡലങ്ങളിലും എൻഡിഎ ശക്തി തെളിയിച്ച് മുന്നോട്ട് പോയി. കേരള രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിർണയിക്കുന്ന ഘടകമായി ഇക്കുറി ബിജെപി മാറിയെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. വരാനിരിക്കുന്ന ഫലം വലിയ പ്രതീക്ഷ നൽകുന്നു. നേമത്ത് കുമ്മനത്തെ തോൽപ്പിക്കാൻ മുരളീധരന് വോട്ട് ചെയ്യാൻ പിണറായി വിജയന്‍ അണികൾക്ക് നിർദേശം നൽകി. അരങ്ങത്തും അണിയറയിലും എൻഡിഎയെ തോൽപ്പിക്കാൻ എൽഡിഎഫ് - യുഡിഎഫ് കൂട്ടുകെട്ട് നടന്നെന്നും മഞ്ചേശ്വരത്ത് മുല്ലപ്പള്ളി നിർലജ്ജം എൽഡിഎഫിന്‍റെ പിന്തുണ തേടിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
എല്ലായിടത്തും ശക്തമായ ത്രികോണ മത്സരം നടന്നെന്ന് കെ. സുരേന്ദ്രൻ - കാസർകോട്
പല മണ്ഡലങ്ങളിലും എൻഡിഎ ശക്തി തെളിയിച്ച് മുന്നോട്ട് പോയെന്നും കേരള രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിർണയിക്കുന്ന ഘടകമായി ഇക്കുറി ബിജെപി മാറിയെന്നും കെ. സുരേന്ദ്രൻ
ചിലരുടെ ഏകഛത്രാധിപതി മോഹത്തിന് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി നൽകും. ആർക്കും ജനങ്ങൾ ബ്ലാങ്ക് ചെക്ക് നൽകിയിട്ടില്ലെന്നാണ് സൂചന. ഏകപക്ഷീയമായി വാഴാൻ ജനങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നാണ് നിഗമനം. മുസ്ലീം വോട്ട് ബാങ്കിന് വേണ്ടിയുള്ള അപായകരമായ മത്സരം ഇരുമുന്നണികളും ഒരു പോലെ നടത്തി. വിശ്വാസം നഷ്‌ടപ്പെട്ട മുന്നണികളായി രണ്ടുകൂട്ടരും മാറി. വോട്ടിന് വേണ്ടി എല്ലാ നിലപാടുകളും മാറ്റി. വോട്ടെടുപ്പ് ദിനം പിണറായി നെഞ്ചത്തടിച്ച് ശരണം വിളിച്ചു. മഞ്ചേശ്വരത്തും, കോന്നിയിലും ബിജെപി ജയിക്കും. എൽഡിഎഫിനും, യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എൻഡിഎ നിർണായകമാകുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.