കാസര്‍കോട്:തുലാം പിറന്നതോടെ വടക്കന്‍ കേരളത്തിന് ഇനി തെയ്യക്കാലം. പത്താമുദയത്തോടെയാണ് കാവുകളിലും തറവാട്ടുമുറ്റങ്ങളിലും കളിയാട്ടങ്ങൾക്ക് കേളി കൊട്ടുയര്‍ന്നത്. തോറ്റംപാട്ടും വരവിളിയുമായി തെയ്യങ്ങള്‍ ഇനി ഭക്തര്‍ക്കിടയിലേക്കെത്തും. ദൈവങ്ങളുടെ പ്രതിരൂപങ്ങളായ തെയ്യങ്ങള്‍ക്ക് മുന്നിലെത്തി വിശ്വാസികള്‍ തൊഴുകൈകളോടെ പ്രയാസങ്ങള്‍ പറയും. മഞ്ഞള്‍പ്പൊടി പ്രസാദമായി നല്‍കി, ഗുണം വരണേ എന്ന അരുളപ്പാടോടെ തെയ്യങ്ങള്‍ അനുഗ്രഹിക്കും.
കളിയാട്ടക്കാവുകളില്‍ കാല്‍ചിലമ്പൊലി ഉയര്‍ന്നു; വടക്കിന് ഇനി തെയ്യക്കാലം - നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ്
വടക്കന്‍ കേരളത്തിലെ കളിയാട്ടക്കാവുകളില്‍ കാല്‍ചിലമ്പൊലി ഉയര്‍ന്നു. ഇനിയുള്ള നാളുകളില്‍ കഴകങ്ങളിലും തറവാടുകളിലും ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടും
തെയ്യക്കാലം തുടങ്ങിയതോടെ തെയ്യക്കോലങ്ങള്‍ക്കുള്ള അണിയലങ്ങളുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് തെയ്യം കലാകാരന്‍മാര്‍. തലപ്പാളിയും കാല്‍ച്ചിലമ്പും അണിയലങ്ങളുമണിഞ്ഞ് അരങ്ങിലെത്തുന്ന തെയ്യങ്ങളെ ഒരുക്കാനാവശ്യമായതെല്ലാം ഈ കലാകാരന്മാര്‍ അവരുടെ ഭവനങ്ങളില്‍ വെച്ച് തയ്യാറാക്കിയെടുക്കുന്നു. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലാണ് വടക്കന്‍ കേരളത്തിലെ ആദ്യ കളിയാട്ടം. ധര്‍മദൈവമായ മൂവാളംകുഴി ചാമുണ്ഡിയും പാടാര്‍കുളങ്ങര ഭഗവതിയും വിഷ്‌ണുമൂര്‍ത്തിയുമെല്ലാം ആദ്യ കളിയാട്ടത്തില്‍ അരങ്ങിലെത്തുന്നു.
ദേവീ സങ്കല്‍പ്പത്തിലുള്ളതാണ് തെയ്യങ്ങളേറെയും. തറവാടുകളിലെയും കാവുകളിലെയും കല്‍പ്പനത്തെയ്യങ്ങള്‍ക്കൊപ്പം നേര്‍ച്ചയായി വീടുകളിലും തെയ്യങ്ങള്‍ കെട്ടിയാടുന്നുണ്ട്. വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ തെയ്യാട്ടത്തോടെയും നീലേശ്വരം മന്ദന്‍പുറത്ത് കാവിലെ കലശത്തോടെയുമാണ് കളിയാട്ടങ്ങള്‍ അവസാനിക്കുന്നത്. അതുവരെ വടക്കിന്‍റെ മക്കൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്.