കാസര്‍കോട്: തെയ്യങ്ങളുടെ ചിലമ്പൊച്ചകളില്ലാതെ ഒരു തെയ്യാട്ടക്കാലം കൂടി കൊഴിഞ്ഞു പോകുന്നു. കൊവിഡ് മഹാമാരി എല്ലാത്തരും കൂടിച്ചേരലുകളും വിലക്കിയതോടെ തെയ്യങ്ങളൊക്കെയും പള്ളിയറകളില്‍ തന്നെയായി. എല്ലാം കെട്ടടങ്ങിയ മറ്റൊരു കളിയാട്ടക്കാലത്തിന് കാത്തിരിക്കുമ്പോള്‍ തെയ്യം കലാകാരന്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്.
വര്‍ഷം ഒന്നുകഴിഞ്ഞു, അരങ്ങിലെത്തിയിട്ട്...
തുലാം പത്തോട് കൂടി കാവുകളുണര്‍ന്നാല്‍ പിന്നെ നാടു മുഴുക്കെ കളിയാട്ടങ്ങളാണ്. അനുഗ്രഹം ചൊരിഞ്ഞ് കൊണ്ട് തെയ്യങ്ങള്‍ ഉറഞ്ഞാടും. പക്ഷേ, തെയ്യക്കോലങ്ങള്‍ അരങ്ങുണര്‍ത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മനയോല കൊണ്ടുള്ള മുഖത്തെഴുത്തും ആടയാഭരണങ്ങളും ചിലമ്പുമണിഞ്ഞ് ചെണ്ടയുടെ താളത്തിലെത്തുന്ന തെയ്യക്കോലങ്ങളെയെല്ലാം ഈ കൊവിഡ് കാലത്ത് മനസില്‍ നിന്നും ഓര്‍ത്തെടുക്കുക മാത്രമേ വഴിയുള്ളൂ.
മഹാമാരി മൂലം ഉത്സവങ്ങളും മറ്റു പരിപാടികളും നിലച്ചതിനാല്‍ തെയ്യം കലാകാരന്മാരുടെ ഉപജീവനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു വര്‍ഷം ഒരു തെയ്യാട്ടക്കാലം ആരംഭിച്ചാല്‍ ആറുമാസമാണ് തെയ്യം കലാകാരന്മാര്‍ക്ക് ഉപജീവനമാര്‍ഗം ഉണ്ടാവുന്നത്. പിന്നീടുള്ള ആറു മാസം ഇവര്‍ക്ക് ഈ തെയ്യാട്ട കാലത്തില്‍ നിന്നുള്ള വരുമാനമാണ് കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സ്രോതസ്.