കാസർകോട്: പ്രേത കഥയിൽ ഒടുവിൽ ചുരുളഴിഞ്ഞു. അത് പ്രേതവും പിശാചുമൊന്നുമല്ല 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രം ഒരു സ്ത്രീയുടേതായി തോന്നുന്നതാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഒരു ഫോട്ടോയുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രേത കഥ പരന്നത്. എഐ ക്യാമറ പകർത്തിയ ഒരു ഫോട്ടോയാണ് ഈ കഥയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്.ഈ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് വിശദീകരണവുമായി രംഗത്ത് എത്തിയത് (Motor Vehicles Department).
ഒക്ടോബർ മൂന്നിന് രാത്രി 8.27നാണ് ക്യാമറ ചിത്രം പകർത്തിയത് (AI camera captured the image). ഡ്രൈവറും മുൻസീറ്റിലെ യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു പിഴ അടയ്ക്കാൻ നിർദേശിച്ച് ഈ ചിത്രം ഉൾപ്പെടെ നോട്ടിസ് ലഭിച്ചപ്പോഴാണ് ഡ്രൈവറുടെ പിന്നിലെ സീറ്റിൽ വാഹനത്തിൽ ഇല്ലാത്ത ‘സ്ത്രീരൂപം’ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫോട്ടോയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് മോട്ടർ വാഹനവകുപ്പ് പയ്യന്നൂർ പൊലീസിനു നൽകിയ പരാതിയിലാണ് തുടർന്ന് അന്വേഷണം നടന്നത്.
റോഡ് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ മോട്ടർ വാഹന വകുപ്പിന്‍റെ വിശദീകരണം ഇങ്ങനെയാണ്. പിൻസീറ്റിലിരുന്ന 17 വയസ്സുള്ള ആൺകുട്ടിയുടെ ചിത്രം ഒരു സ്ത്രീയുടേതായി തോന്നുന്നതാണെന്നാണ് എൻഫോഴ്സ്മെന്‍റ് ആർടിഒ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നത്. എന്നാൽ മൂന്നു മാസം പിന്നിട്ടിട്ടും സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്കായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. വാഹനത്തിന്‍റെ മുൻ സീറ്റിലിരുന്ന സ്ത്രീയുടെ മക്കളായ പ്ലസ്‌ടു വിദ്യാർഥിയായ ആൺകുട്ടിയും രണ്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരിയുമാണ് വാഹനത്തിന്‍റ പിൻസീറ്റിലുണ്ടായിരുന്നത്.