കാസര്‍കോട്:കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തി നിരീക്ഷണമേര്‍പ്പെടുത്തി. ഇയാള്‍ സന്ദര്‍ശിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ ഉള്‍പ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ആകെ 368 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് കളനാട് സ്വദേശി ആദ്യമെത്തിയ സ്വകാര്യ ആശുപത്രിയിലടക്കം സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവനാളുകളുടെയും വിവരശേഖരണം നടത്തിയാണ് ആരോഗ്യവകുപ്പിന്‍റെ മുന്‍കരുതല്‍. രോഗി എത്തിയ ഇടങ്ങളിലെ സിസിടിവി വഴിയും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്തി.
കൊവിഡ് സ്ഥിരീകരിച്ചയാളോട് സമ്പർക്കത്തിൽ വന്ന ആളുകളെ നിരീക്ഷണത്തിലാക്കി - kasargod
കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് കളനാട് സ്വദേശി ആദ്യമെത്തിയ സ്വകാര്യ ആശുപത്രിയിലടക്കം സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവനാളുകളുടെയും വിവരശേഖരണം നടത്തിയാണ് ആരോഗ്യവകുപ്പിന്‍റെ മുന്‍കരുതല്‍
രക്തം പരിശോധനക്ക് നല്‍കിയ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ ഉള്‍പ്പെടെ 12 ജീവനക്കാര്‍ അതേ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തിലാണ്. ഇയാള്‍ സന്ദര്‍ശിച്ച ബന്ധുവീട്ടില്‍ ഉണ്ടായിരുന്ന മുഴുവനാളുകളെയും വീടുകളില്‍ തന്നെ നിരീക്ഷണത്തിലാക്കി. ഇയാള്‍ സഞ്ചരിച്ച വിമാനത്തിലെ കാസര്‍കോട്ടുകാരായ 129 പേരെയും ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്ന നിലയില്‍ തരംതിരിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടും ആരാധനാലയങ്ങളിലേക്കടക്കം കൂട്ടമായി ആളുകള്‍ പോകുന്നുണ്ടെന്നും നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് 368 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചയാളുള്‍പ്പെടെ എട്ട് പേര്‍ ജില്ലാ, ജനറല്‍ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളും വീട്ടില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും 126 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 86 റിസള്‍ട്ടുകളാണ് ഇതുവരെ ലഭിച്ചത്.