കാസർകോട്:കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ജില്ലാ ഭരണകൂടം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തയ്യാറാക്കിയ വാര്‍ റൂമില്‍ കൃത്യമായി അറിയിച്ചാല്‍ പ്രതിസന്ധിയുണ്ടാകില്ല. അത് ചെയ്യേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വാര്‍ റൂമില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നത്.
സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് കാസർകോട് ജില്ലാ ഭരണകൂടം - കാസർകോട് ജില്ലാ ഭരണകൂടം
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മംഗളൂരുവില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായും നിര്‍ത്തി
ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും വാര്‍ റൂമില്‍ ഉണ്ടെന്നിരിക്കെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ഇങ്ങനെ ചെയ്താല്‍ മാത്രമേ ഓക്‌സിജന്‍ യഥാസമയം എത്തിക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നും ഈ പ്രശ്‌നമുണ്ടായില്ലെന്നും സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ടവര്‍ വാര്‍റൂമിനെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നില്ലെന്നുമാണ് ആക്ഷേപം.
അതേസമയം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മംഗളൂരുവില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായും നിര്‍ത്തി. ഇത് സംബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ദക്ഷിണ കന്നഡയില്‍ ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം. നേരത്തെ കാസര്‍കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്രതിസന്ധി വന്നപ്പോള്‍ തന്നെ മംഗളൂരുവില്‍ നിന്നും സിലിണ്ടറുകള്‍ എത്തിക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അവിടെ നിന്നും ഓക്‌സിജന്‍ എത്തുമെന്ന് പ്രതീക്ഷിചിരിക്കെയാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.