കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ സ്വര്‍ണവ്യാപാരി മന്‍സൂര്‍ അലി(55)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഏഴ് വര്‍ഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതി കര്‍ണാടക ബണ്ട്വാള്‍ കറുവത്തടുക്ക മിത്തനടുക്കയിലെ അബ്‌ദുല്‍ സലാമി(30)നാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്‌ജി ടി.കെ.നിര്‍മ്മലയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. അതേസമയം കേസിലെ ഒന്നാം പ്രതി മാരിമുത്തു ഒളിവിലാണ്.
ഐപിസി 302 വകുപ്പ് പ്രകാരമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കവര്‍ച്ച നടത്തിയതിന് 397 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം അധിക കഠിന തടവും വിധിച്ചു. കേസിലെ മുഖ്യപ്രതിയായ മാരിമുത്തു എന്ന മുഹമ്മദ് അഷ്‌റഫിനൊപ്പം കൊലപാതകത്തില്‍ അബ്‌ദുല്‍ സലാം നേരിട്ട് പങ്കാളിയായതായി കേസിന്‍റെ വിചാരണ വേളയില്‍ തെളിയുകയും പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. അബ്‌ദുല്‍ സലാം 75,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു.