കാസർകോട്:സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പത്ത് ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. ചെറുവത്തൂർ ആർടിഒ ചെക്ക് പോസ്റ്റിലാണ് മത്സ്യം പിടികൂടിയത്. ഗുജറാത്തിൽ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യാൻ എത്തിച്ച മത്സ്യമാണ് ആരോഗ്യവകുപ്പ് പിടിച്ചെടുത്തത്. കണ്ടെയ്നർ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. 35 കിലോഗ്രാമിന്‍റെ 335 പെട്ടി മത്സ്യമാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്.
കാസര്‍കോട് പത്ത് ടൺ പഴകിയ മത്സ്യം പിടികൂടി - കാസർകോട് വാർത്ത
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ മൊബൈൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ ഫോർമാലിൻ ചേർത്തിട്ടില്ലെന്ന് കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ മൊബൈൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ ഫോർമാലിൻ ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ ദിവസങ്ങളോളം പഴക്കം ഉള്ളതിനാൽ ഭക്ഷ്യയോഗ്യമല്ലാത്ത നിലയിലാണ് മത്സ്യം. കടൽ കടുവ, മണുങ്ങ്, പാര, ഏട്ട, സ്രാവ് തുടങ്ങി 40 ലക്ഷത്തിന്‍റെ മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. കണ്ടെയ്നറില്‍ ശീതീകരണ സംവിധാനം ഇല്ലാതിരുന്നതിനാലാണ് മത്സ്യം കേട് വന്നത്.
പിടിച്ചെടുത്ത മത്സ്യം മടിക്കൈയിലെ ജൈവവള സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ വലിയ തോതിലാണ് പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മത്സ്യം ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ഇത് ചെറുക്കാനായി ഭക്ഷ്യസുരക്ഷാവിഭാഗം കർശന പരിശോധന നടപടികൾ സ്വീകരിച്ചുവരികയാണ്.