കാസർകോട്:ജില്ലയിലെ ഓക്‌സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഓക്സിജൻ ക്ഷാമം നേരിട്ടിരുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിച്ചു. കിംസ് ആശുപത്രിയിലേക്ക് കണ്ണൂരിൽ നിന്നും 15 വലിയ ഓക്‌സിജൻ സിലിണ്ടറുകളും ചെങ്കള നായനാർ ആശുപത്രിയിലേക്ക് അഞ്ച് സിലിണ്ടറുകളുമാണ് എത്തിച്ചത്. ഇവിടെയുള്ള 48 രോഗികളിൽ ഒരാളെ കോഴിക്കോട്ടേക്ക് മാറ്റിയിട്ടുണ്ട്. ഇവിടേക്ക് 10 ഓക്‌സിജൻ സിലിണ്ടറുകൾ കൂടി എത്തുമെങ്കിലും ഇവയെല്ലാം കൂടിയാലും രാത്രി 11 മണി വരെയുള്ള ഓക്സിജൻ മാത്രമേ ആകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്ക്ക് :മറ്റ് സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാൻ ആകില്ലെന്ന് കേരളം
മംഗലാപുരത്ത് നിന്ന് ഓക്‌സിജൻ എത്താതായതോടെ കിംസ് സണ്‍റൈസ് ആശുപത്രിയിലും ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരുന്നു. മൂന്ന് ദിവസമായി മംഗലാപുരത്ത് നിന്നുള്ള ഓക്‌സിജൻ വിതരണം മുടങ്ങിയിട്ട്. ചികിത്സയിലുള്ള 48 രോഗികളിൽ 12 പേർക്കാണ് ഓക്‌സിജൻ ആവശ്യമുള്ളത്. കിംസ് ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമുള്ള എട്ട് കൊവിഡ് രോഗികളോട് ഡിസ്ചാര്‍ജ് വാങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണ് വിവരം. കിംസ് ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന അറിയിപ്പ് ആശുപത്രി അധികൃതർ തന്നെയായിരുന്നു നേരത്തെ പുറത്തുവിട്ടിരുന്നത്. ആവശ്യം മുൻകൂട്ടി കണ്ട് ഓക്‌സിജൻ ശേഖരിക്കുന്നതിൽ സ്വകാര്യ ആശുപത്രി അധികൃതർ വീഴ്‌ച വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വായനയ്ക്ക് :കൊവിഡ് കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി