കാസർകോട്: വിവാഹ ആഢംബരം മാത്രമാകുമ്പോൾ കാസർകോട്ടെ സമുദായ ക്ഷേത്രമായ പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഈ നാടിനാകെ മാതൃകയാണ്. വർഷത്തിൽ രണ്ട് തവണയാണ് ഇവിടെ സമൂഹ വിവാഹം നടക്കുന്നത്. ഈ മീനമാസത്തിൽ മാത്രം 19 വധൂവരന്മാരാണ് ആഢംബരങ്ങളെല്ലാം ഒഴിവാക്കി വിവാഹിതരായത്.
ആർഭാടമില്ലാത്ത പെരുതന കല്യാണം പെരുതണ വിവാഹ ചടങ്ങിൽ പങ്കാളികളാകാൻ നിരവധി പേരാണ് എത്തിയത്. ഇവിടുത്തെ വിവാഹ സദ്യയിലും ആഢംബരമുണ്ടാകില്ല. ചോറും, കറിയും പായസവും മാത്രം. ചന്ദ്രഗിരിക്ക് വടക്കുള്ള വാണിയ സമുദായ അംഗങ്ങൾ ഈ ക്ഷേത്രത്തിൽവച്ച് മാത്രമെ വിവാഹിതരാകാവൂ എന്നാണ് ആചാരം.
വിവാഹ ആർഭാടങ്ങൾ ഒഴിവാക്കുക മാത്രമല്ല, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ പൂർണമായി അകറ്റി നിർത്തുക കൂടിയാണ് ലക്ഷ്യമെന്ന് സമുദായക്കാർ പറയുന്നു. വിവാഹത്തിന് 1000 രൂപ മാത്രമാണ് ക്ഷേത്രത്തിലെ ചെലവ്. വിവാഹ ചടങ്ങുകൾക്കെത്തുന്നവർക്ക് ഭക്ഷണവും നൽകിയാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.
ഒരു ദിവസം 70 വിവാഹം പോലും ഇവിടെ നടന്നിരുന്നു. വിവാഹ ചടങ്ങുകളിൽ എത്തുന്ന യുവതീ യുവാക്കൾക്ക് തങ്ങളുടെ പങ്കാളിയെ കണ്ടെത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. അങ്ങനെ ഇരുവരും കണ്ട് ഇഷ്‌ടപ്പെട്ടാൽ അവർ തമ്മിലുള്ള വിവാഹം അടുത്ത മുഹൂർത്തത്തിൽ നടക്കും. കൊട്ടും കുരവയുമായി നടക്കുന്ന ഈ സമൂഹ വിവാഹം നാടിന്‍റെ ഉത്സവമായി മാറാറുണ്ട്. ആഢംബരങ്ങളെല്ലാം ഒഴിവാക്കി 10,000ലധികം വധു വരന്മാരാണ് ഇതുവരെ കുമ്പള പെരുതണയിലെ മുച്ചിലോട്ട് ക്ഷേത്രത്തിൽ വരണമാല്യം ചാർത്തിയത്.
Also Read: സഹല്‍ കളിയ്‌ക്കാത്തതില്‍ നിരാശ; ബ്ളാസ്‌റ്റേഴ്‌സിന് കവ്വായി നല്‍കിയത് 'കട്ട സപ്പോര്‍ട്ട്'