കാസർകോട്: സർക്കാരുമായി സഹകരിച്ച് ടാറ്റാ ഗ്രൂപ്പ് നിർമിക്കുന്ന കൊവിഡ് ആശുപത്രിയുടെ നിർമാണം തെക്കിൽ വില്ലേജിൽ ആരംഭിച്ചു. സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തിയാണ് തുടങ്ങിയത്. 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും ഉൾപ്പെടുന്ന ആധുനിക രീതിയിലുള്ള ആശുപത്രി നിർമാണം പൂർത്തിയായാൽ സർക്കാരിന് കൈമാറും. തെക്കിൽ വില്ലേജിലെ 15 ഏക്കർ റവന്യൂ ഭൂമിയിലാണ് പ്രിഫാബ് സംവിധാനത്തിലുള്ള കൊവിഡ് ആശുപത്രിയുടെ നിർമാണം. സർക്കാർ അനുവദിച്ച ഭൂമിയുടെ ചരിവ് ആശയക്കുഴപ്പം സൃഷ്‌ടിച്ചെങ്കിലും മണ്ണ് നീക്കി പ്രതലം നിരപ്പാക്കി നിർമാണം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനുള്ള നിലമൊരുക്കലാണ് ഇപ്പോൾ ആരംഭിച്ചത്. ആശുപത്രി യാഥാര്‍ഥ്യമാക്കുന്നതിന് രണ്ട് മാസത്തെ സമയമാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പുതന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.
കാസര്‍കോട് ടാറ്റ ആശുപത്രിയുടെ നിർമാണം ആരംഭിച്ചു
രണ്ട് കെട്ടിടങ്ങളിലായി 48,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ആശുപത്രിയുടെ നിർമാണം. 15 കോടി രൂപയാണ് ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിക്കുന്നത്
സ്ഥലം നിരപ്പാക്കി കിട്ടിയാൽ ടാറ്റ ഗ്രൂപ്പിന് കെട്ടിടം നിർമിക്കാൻ വേണ്ടത് ഒരു മാസത്തെ സമയമാണ്. പുറമെ നിന്നും കൊണ്ടുവരുന്ന സ്‌ട്രക്ച്ചറുകള്‍ ഇവിടെ യോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനായി 120 കണ്ടെയ്‌നർ സാധനങ്ങളാണ് കാസർകോട്ടേക്കെത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി 48,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് ആശുപത്രിയുടെ നിർമാണം. 40 അടി നീളത്തിലും പത്ത് അടി വീതിയിലുമായി അഞ്ച് കട്ടിലുകൾ ഇടാൻ കഴിയുന്ന മുറികളാണ് നിർമിക്കുന്നത്. 15 കോടി രൂപയാണ് ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയായാൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ജീവനക്കാരെ നിയമിക്കൽ എന്നിവയൊക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമായിരിക്കും. യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ 50 വർഷം വരെ ആശുപത്രി ഉപയോഗിക്കാൻ കഴിയും.