കാസർകോട്:'ഒള്ളുള്ളേരി ഒള്ളുള്ളേരി' എന്ന വരികളില്‍ ആരംഭിക്കുന്ന പാട്ട് ഒരുവട്ടമെങ്കിലും പാടാത്തവര്‍ വിരളമായിരിക്കും. ആദിവാസി മാവിലര്‍ സമുദായത്തിന്‍റെയിടയില്‍ വാമൊഴിയായി പ്രചരിച്ചതാണ് ഈ വരികള്‍. ഇതുപിന്നീട് പൊതുസമൂഹവും ഏറ്റെടുക്കുകയുണ്ടായി.
നാടുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കലോത്സവങ്ങളില്‍ നാടന്‍ പാട്ടിനും സംഘനൃത്തത്തിനും ഈ വരികള്‍ ഉപയോഗിച്ചുവരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത് ആന്‍റണി വര്‍ഗീസ് പ്രധാന വേഷത്തിലെത്തി അടുത്തിടെ പുറത്തിറങ്ങിയ അജഗജാന്തരം സിനിമയിലും ഈ പാട്ട് ഉപയോഗിക്കുകയുണ്ടായി. വാമൊഴിയായി തെറ്റായ വരികളിലൂടെ പ്രചരിച്ച പാട്ടിന്‍റെ, യഥാര്‍ഥ വരികള്‍ ശേഖരിച്ച് സിനിമയ്‌ക്ക് നല്‍കിയത് ബേദടുക്ക സ്വദേശി സുധീഷ് മരുതളമാണ്.
പ്രകോപനത്തിന് കാരണം ഡി.ജെ മിക്‌സിങും ദൃശ്യങ്ങളും
തന്‍റെ സമുദായത്തിന്‍റെ പാട്ട് ലോകമറിയട്ടെ എന്നുകരുതിയാണ് സുധീഷ് ഇക്കാര്യം ചെയ്‌തത്. എന്നാല്‍, സംഗതി ആകെ തകിടം മറിഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സിനിമയില്‍ ഡി.ജെ റീമിക്‌സ് ചേര്‍ത്താണ് പാട്ടിറക്കിയത്. പുതിയ കാലത്തിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് മിനുക്കിയെടുത്ത പാട്ട് ആളുകള്‍ ഏറ്റെടുത്തു. അതിന്‍റെ സന്തോഷത്തില്‍ കഴിയവെയാണ് സ്വന്തം സമുദായംഗങ്ങള്‍ സുധിഷിനെതിരെ രംഗത്തെത്തിയത്.
പാട്ടിനെ കൊന്നുവെന്ന് പറഞ്ഞാണ് പ്രധാന ഭീഷണി. ഡി.ജെ മിക്‌സിങും പാട്ടിലുള്ള മദ്യപാനവും പുകവലിയുമാണ് ഇവരെ പ്രകോപിപ്പിച്ചത്. സമുദായത്തെ ഇകഴ്‌ത്തിക്കാണിച്ചുവെന്നും ആരോപണങ്ങളുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളിലും ഭീഷണിലും സുധീഷിന് വലിയ അമ്പരപ്പാണുള്ളത്. താനും മാവില സമുദായത്തിലെ അംഗമാണ്. സമുദായത്തെ വേദനിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.