കാസർകോട്: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റയാണ് (13) മരിച്ചത്. ശനിയാഴ്‌ച പകൽ രണ്ടോടെ വീട്ടുപറമ്പിലാണ് അപകടം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുമ്പോൾ പെട്ടന്നുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ തെങ്ങ് പൊട്ടി വീഴുകയായിരുന്നു.
കാറ്റിൽ തെങ്ങ് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം - heavy rain in kerala
ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്‌റ്റയാണ് മരിച്ചത്
ഷോണിനെ കാണാതായതിനെ തുടര്‍ന്ന് തെരച്ചിൽ നടത്തിയപ്പോൾ പൊട്ടിവീണ തെങ്ങിനടിയിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ തെങ്ങു മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഞയറാഴ്‌ച വൈകിട്ട് നാലിന് ചേവാർ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. കയ്യാർ ഡോൺബോസ്‌കോ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യർഥിയാണ് ഷോണ്‍. അനിതയാണ് ഷോണിന്‍റെ മാതാവ്. സോണൽ സഹോദരിയാണ്.