കാസര്‍കോട് :കാസർകോട്ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌കന്‍റെ കീഴ്‌ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. അതേസമയം കാസർകോട് തെരുവ് നായ ശല്യം ദിനംപ്രതി കൂടിവരികയാണ്.
കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിയെ തെരുവ് നായ കടിച്ചിരുന്നു. ദിണ്ടിഗൽ സ്വദേശിയായ ഗണേശന്‍റെ കാലിനാണ് നായ കടിച്ചത്. ചൂല് വിൽപ്പനക്കിടെയാണ് ഗണേശന് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഗണേശന് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇയാളെ നായ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.
കുട്ടികളെ ആക്രമിച്ച് തെരുവ് നായ : അടുത്തിടെ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. വീട്ട് വരാന്തയില്‍ കളിക്കുകയായിരുന്ന പെര്‍ള കുതുവയിലെ രണ്ടര വയസുകാരി മറിയം താലിയ, ബദിയഡുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസ ഫാത്തിമ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.
ട്യൂഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ഫാത്തിമയെ തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റിരുന്നു. തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ വച്ചാണ് കടിയേറ്റതെന്നും രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
പേവിഷബാധയേറ്റ നായയാണ് കുട്ടികളെ കടിച്ചതെന്നും നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും നാട്ടുകാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റ കുട്ടികൾക്ക് പെര്‍ളയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയിരുന്നു.
എബിസി കേന്ദ്രം പ്രവർത്തന രഹിതം : അതേസമയം തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും ജില്ലയിലെ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) കേന്ദ്രം ഒരു വർഷമായി പ്രവർത്തന രഹിതമാണ്. ജില്ല പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് എബിസി കേന്ദ്രത്തിന്‍റെ പ്രവർത്തനം. കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിൽ 146 നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിരുന്നു. കേന്ദ്ര ജന്തുക്ഷേമ ബോർഡിന്‍റെ മാനദണ്ഡം പാലിക്കാൻ കഴിയാത്തതാണ് എബിസി കേന്ദ്രത്തിന്‍റെ അടച്ച് പൂട്ടലിന് കാരണമായത്.
ജില്ല ആസ്ഥാനത്ത് ഉൾപ്പെടെ ബസ് സ്റ്റാൻഡുകളിൽ നായ ശല്യം രൂക്ഷമാണ്. നഗരത്തിലെ ഇടവഴികൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണെന്നും നാട്ടുകാർ പറയുന്നു. വിദ്യാലയങ്ങളിലേക്ക് നടന്നു പോകുന്ന കുട്ടികളും തെരുവ് നായ ഭീതിയിലാണ്. ജില്ലയിലെ എബിസി കേന്ദ്രം നവീകരിച്ച് എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജമാക്കി തെരുവ് നായ്ക്കളിൽ നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നോവായി നിഹാൽ : അതേസമയം സംസ്ഥാനത്തുടനീളം തെരുവ് നായ ആക്രമണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 11-ാം തീയതി കണ്ണൂരിൽ എടക്കാട് കെട്ടിനകത്ത് ഭിന്നശേഷിക്കാരനായ നിഹാൽ നൗഷാദ് എന്ന 11കാരൻ തെരുവ് നായകളുടെ കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വീടിന് സമീപത്ത് നിന്ന് കളിക്കുന്നതിനിടെ തെരുവ് നായകള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന് അരക്കിലോമീറ്റർ അകലെ നിഹാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരമാസകലം നായയുടെ കടിയേറ്റിരുന്നു. നിഹാലിന്‍റെ അരയ്‌ക്ക് താഴെ ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. സംസാര ശേഷിയില്ലാത്തതിനാൽ ആക്രമണം നടക്കുമ്പോൾ ബഹളമുണ്ടാക്കാനും കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.