കാസര്‍കോട് : തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികൾക്ക് പരുക്ക്. വീട്ടുവരാന്തയില്‍ കളിക്കുകയായിരുന്ന പെര്‍ള കുതുവയിലെ രണ്ടര വയസുകാരി മറിയം താലിയ, ബദിയഡുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസ ഫാത്തിമ എന്നിവരെയാണ് ഇന്നലെ(മേയ് 12) തെരുവുനായ ആക്രമിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഫാത്തിമയെ തെരുവുനായ ആക്രമിച്ചത്.
ആക്രമണത്തില്‍ കുട്ടികള്‍ക്ക് അരയ്ക്കും കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ വച്ചാണ് കടിയേറ്റതെന്നും രണ്ടു പേരെയും കടിച്ചത് ഒരേ നായയാണെന്നുമാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. പേവിഷബാധയേറ്റ നായയാണ് കുട്ടികളെ കടിച്ചതെന്നും നായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും നാട്ടുകാര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടികൾക്ക് പെര്‍ളയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കി.
പെരുകുന്ന തെരുവുനായ ആക്രമണം : സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം ഞെട്ടിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ എടക്കാട് കെട്ടിനകത്ത് 11കാരൻ തെരുവുനായകളുടെ കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജൂൺ 11-ാം തിയതിയാണ് ഭിന്നശേഷിക്കാരനായ നിഹാല്‍ നൗഷാദ് (11) തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിന് സമീപത്ത് നിന്ന് കളിക്കുന്നതിനിടെ തെരുവ് നായകള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നിഹാലിനെ കാണാതായതോടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് വീടിന് അരക്കിലോമീറ്റര്‍ അകലെ നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ തല മുതല്‍ പാദം വരെ നായയുടെ കടിയേറ്റിരുന്നു.
അരയ്ക്ക് താഴേക്ക് അതീവ ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരുന്നത്. സംസാര ശേഷിയില്ലാത്തതിനാൽ ആക്രമണം നടക്കുമ്പോൾ ബഹളമുണ്ടാക്കാനും കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ സമീപത്തുള്ള ആരും തന്നെ കുട്ടിയെ നായ്‌ക്കൾ ആക്രമിക്കുന്നത് അറിഞ്ഞില്ല.