കാസർകോട് :വ്യത്യസ്‌തമായ പല ചടങ്ങുകളും ഉൾപ്പെടുത്തിയുള്ള നിരവധി കല്യാണങ്ങള്‍ നേരിട്ടും സാമൂഹ്യമാധ്യമങ്ങൾ വഴിയും കണ്ടിട്ടുണ്ടാകും. അത്തരത്തിൽ വെറൈറ്റി വിവാഹങ്ങള്‍ പരീക്ഷിക്കുന്ന ഈ 'ന്യൂ ജനറേഷൻ' കാലത്ത് വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകി 'പ്രേതകല്യാണം' എന്ന വിചിത്രമായ ആചാരം നടത്തിവരികയാണ് കാസര്‍കോട് -കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളിലെ ഒരു വിഭാഗം ജനത.
ഇഹലോകം വെടിഞ്ഞ് പരലോകത്തെത്തിയവര്‍ക്ക് ഭൂമിയിലുള്ളവര്‍ നടത്തുന്ന വിവാഹമാണ് പ്രേതകല്യാണം. കൊട്ടും കുരവയും താലികെട്ടും സദ്യയുമൊക്കെയായി നടക്കുന്ന കല്ല്യാണത്തിന് വധൂവരന്മാര്‍ മാത്രമുണ്ടാകില്ല. വൈക്കോലിലുള്ള രൂപംകൊണ്ട് പ്രതീകാത്മകമായിരിക്കും വധൂവരന്മാര്‍. മൊഗേർ വിഭാഗക്കാരാണ് ഈ വിചിത്രാചാരം ഇന്നും തുടരുന്നത്.
ALSO READ:650 അപൂർവ നെൽ വിത്തുകൾ സംരക്ഷിക്കുന്ന സത്യ നാരായണ
തുളുനാടായ ബദിയടുക്കയിൽ ഇക്കഴിഞ്ഞയിടെ പ്രേതകല്യാണം നടന്നിരുന്നു. ചെറുപ്പത്തിലേ മരിച്ചവര്‍ ഒരുപക്ഷെ ജീവിച്ചിരുന്നുവെങ്കിൽ അവർക്ക് വിവാഹപ്രായം എപ്പോഴാണോ തികയുന്നത് അപ്പോഴാണ് ഈ ആചാരം നടത്തുക.
ജോത്സ്യന്‍ നിര്‍ദേശിച്ചാല്‍, മരിച്ചുപോയ പുരുഷന് ആദ്യം പെണ്ണിനെ കണ്ടെത്തും. സ്വന്തം സമുദായത്തില്‍പ്പെട്ട മരിച്ചുപോയ അവിവാഹിതയെ ആണ് വധുവായി കണ്ടെത്തുക. പിന്നീട് കല്യാണത്തിനുള്ള എല്ലാ ചടങ്ങുകളും മുറതെറ്റാതെ നടക്കും. ജീവിച്ചിരിക്കുന്നവരുടെ കല്യാണം പോലെ തന്നെ പെണ്ണുചോദിക്കലും കല്ല്യാണക്കുറിയും ഉള്‍പ്പടെ എല്ലാമുണ്ടാകും. നാട്ടുകാര്‍ക്ക് കല്യാണക്കുറി നല്‍കിയാണ് ചടങ്ങിന് ക്ഷണിക്കുക.
വധുവിന്‍റെ വീട്ടിലാണ് വിവാഹം നടത്തുന്നത്. വൈക്കോലുകൊണ്ട് തയ്യാറാക്കിയ വധൂവരന്മാരുടെ രൂപങ്ങൾ വേറിട്ട രീതിയില്‍ അലങ്കരിക്കും. വധുവിനെ മുല്ലപ്പൂ ചൂടിച്ച് കരിമണിയിൽ കോർത്ത താലിമാല ധരിപ്പിക്കും. കല്യാണം കഴിഞ്ഞ് സദ്യ കഴിച്ച് വധു വരന്‍റെ വീട്ടില്‍ കയറുന്നതോടെ ചടങ്ങുകള്‍ പൂർത്തിയാകും.
എന്നാൽ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിൽ കല്യാണത്തിന് ശേഷവും ബന്ധം നിലനിർത്തും. ഇരു വീട്ടുകാരും ഇടയ്ക്കിടെ വീടുകൾ സന്ദർശിക്കും. കല്യാണത്തിന് ശേഷം വധൂവരന്മാരുടെ രൂപങ്ങളും കല്യാണത്തിന് ഉപയോഗിച്ച സാധനങ്ങളും കാഞ്ഞിര മരത്തിന്‍റെ ചുവട്ടില്‍ കൊണ്ടുചെന്നാക്കും. കല്യാണത്തിന് ശേഷം ഇവര്‍ പരലോകത്ത് ദാമ്പത്യത്തിലേക്ക് കടന്നുവെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നു. മരിച്ചവരുടെ ഓര്‍മ പുതുക്കുന്ന ദിവസം കൂടിയാകും ഈ പ്രേതകല്ല്യാണം.
രാത്രിയില്‍ നടക്കുന്ന കല്യാണ ചടങ്ങുകള്‍ക്ക് കുടുംബക്കാര്‍ക്കും നാട്ടുകാർക്കും മാത്രമേ പ്രവേശനമുണ്ടാകൂ. കുടുംബത്തിനും ഗ്രാമത്തിനുമുള്ള ദോഷങ്ങള്‍ പരിഹരിക്കാനാണ് ഇത്തരം പ്രേതകല്യാണങ്ങള്‍ നടത്തുന്നതെന്ന് ഇന്നാട്ടുകാര്‍ പറയുന്നു. ഇതുവഴി ഗ്രാമത്തിലെ യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യമുണ്ടാകുമെന്നുമാണ് വിശ്വാസം.
ഇത്തരത്തില്‍ മരിച്ചുപോയവരുടെ വിവാഹം നടത്തിയില്ലെങ്കില്‍ കുടുംബത്തില്‍ അനിഷ്ടസംഭവങ്ങള്‍ തുടരുമെന്നാണ് സങ്കല്‍പ്പം. ഈ പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ് പ്രേതകല്യാണമെന്ന് ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അന്ധവിശ്വാസമെന്നും ജ്യോതിഷ തട്ടിപ്പെന്നും പ്രേതകല്യാണം വിമര്‍ശനവും നേരിടുന്നുണ്ട്.