കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതം ചെലവഴിക്കാൻ ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെ സ്ഥിരം സമിതി അധ്യക്ഷന്മാർ രാജിവച്ചത് കുമ്പള പഞ്ചായത്തിൽ ഭരണ പ്രതിസന്ധിക്ക് ഇടയാക്കുന്നു. കുമ്പള പഞ്ചായത്ത് സ്ഥിരം സമിതിയിൽനിന്ന് ബിജെപിയുടെ ഒൻപത് അംഗങ്ങളും സിപിഎമ്മിന്‍റെ ഒരു അംഗവുമാണ് രാജി വച്ചത്. തദ്ദേശ ഭരണത്തിൽ ഏറെ പ്രാധാന്യമുള്ള ക്ഷേമകാര്യം, വികസനം, ആരോഗ്യ-വിദ്യാഭ്യാസം എന്നീ സ്ഥിരംസമിതി അധ്യക്ഷന്മാരാണ് ഒന്നിച്ച് രാജിവെച്ചത്.
സാമ്പത്തിക വർഷാവസാനമായതിനാൽ പദ്ധതികൾ പലതും വേഗത്തിൽ ചെയ്‌തുതീർക്കേണ്ട സമയമാണിത്. ആകെ പദ്ധതി വിഹിതമായ 6.16 കോടി രൂപയിൽ 1.97 കോടി രൂപ മാത്രമാണ് ഇതുവരെ പഞ്ചായത്തിന്‍റെ വികസനത്തിനായി വിനിയോഗിച്ചിട്ടുള്ളത്.
രാജിവെച്ച ബിജെപി അംഗങ്ങളായ എസ്.പ്രേമലത വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും പ്രേമാവതി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയുമാണ്. മറ്റു അഗംങ്ങളായ മോഹന ബംബ്രാണ, വിദ്യ എൻ. പൈ എന്നിവർ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലും പുഷ്‌പലത പി. ഷെട്ടി, വിവേകാനന്ദ ഷെട്ടി, സുലോചന നായിക് എന്നിവർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലും എം.അജയ, എസ്.ശോഭ എന്നിവർ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലും അംഗങ്ങളാണ്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനാണ് സിപിഎം അംഗം എസ്.കൊഗ്ഗു.
സാമ്പത്തിക വർഷം പൂർത്തിയാകാൻ ഒരു മാസം മാത്രം ബാക്കിയിരിക്കെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ട അവസാന ആഴ്‌ചകളിൽ ഇത്രയധികം അംഗങ്ങൾ രാജിവെച്ചത് പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയുണ്ടാക്കും. സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിലുണ്ടായ ബിജെപി-സി പി എം കൂട്ടുകെട്ടിനെ തുടർന്ന് പാർട്ടിക്കകത്തുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് ബിജെപി അംഗങ്ങളും സിപിഎം അംഗവും രാജിവച്ചത്.
Also read: പരിശോധന നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; റെയ്‌ഡ് പ്രചാരണം നിഷേധിച്ച് കെ.സുധാകരൻ