കാസർകോട്: ലോക്ക് ഡൗൺ കാലത്ത് വീടിന്‍റെ ചുമരുകൾ മനോഹരമാക്കുകയാണ് സഹോദരിമാരായ അഞ്ജലിയും അർച്ചനയും. ചിത്രകലയിൽ മികവ് പുലർത്തിയ ഇരുവരും നാട്ടിലെ വീടുകളുടെ ചുമരുകൾ കൂടി മനോഹരമാക്കുന്ന തിരക്കിലാണിപ്പോൾ. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി ദയരവളപ്പിൽ പത്മനാഭന്‍റെയും രമണിയുടെയും മക്കളാണിവർ.
ചുമരുകളിൽ വിസ്‌മയം തീര്‍ത്ത് സഹോദരിമാര്‍ - അഞ്ജലിയും അർച്ചനയും
വാൾ പെയിന്‍റിങ്ങും ഓയിൽ പെയിന്‍റിങ്ങും ബോട്ടിൽ ആർട്ടുകളുമായി ലോക്ക് ഡൗൺ രസകരമാക്കുകയാണ് സഹോദരിമാരായ അഞ്ജലിയും അർച്ചനയും
മടിക്കൈ അമ്പലത്തറ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജലി. സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം ലീഡറായ അഞ്ജലി പഠന രംഗത്തും മികവുപുലർത്തുന്ന വിദ്യാർഥിയാണ്. വാൾ പെയിന്‍റിങ്ങിന് പുറമേ റെക്‌സിൻ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഫാൻസി ബാഗുകളും, പില്ലോ കവർ ഡിസൈനും അഞ്ജലിയുടെ കരവിരുതിൽ പ്രധാനപ്പെട്ടവയാണ്. പ്ലസ്‌ടുവിന് ശേഷം ജേർണലിസം പഠിക്കണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം. കാഞ്ഞങ്ങാട് കൃഷ്‌ണ ആർട്‌സിൽ ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കുന്നയാളാണ് അനിയത്തി അർച്ചന. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ അർച്ചന പെൻസിൽ ഡ്രോയിങ്, ഓയിൽ പെയിന്‍റിങ്, ഫാബ്രിക് പെയിന്‍റ്, ബോട്ടിൽ ആർട്ട്, പേപ്പർ അലങ്കാര വർക്കുകൾ എന്നിവയിലും മികവുപുലർത്തുന്നു. ലോക്ക് ഡൗണിൽ സ്‌മാർട്ട് ഫോണുകളിൽ സ്‌ക്രോൾ ചെയ്‌ത് മാത്രം സമയം ചെലവഴിക്കുന്ന കൗമാരക്കാരിൽ നിന്ന് വ്യത്യസ്‌തരാകുകയാണ് ഈ സഹോദരിമാർ.