കാസർകോട്:ലോകവനിത ദിനത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി കാസര്‍കോട് കാഞ്ഞങ്ങാട് ഒരു വിവാഹം. അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂറും ഭാര്യ ഷീനയുമാണ് 28 വർഷത്തിന് ശേഷം വീണ്ടും വിവാഹിതരായത്. മുസ്‌ലിം വ്യക്തിനിയമത്തിലെ സ്വത്തവകാശ വിനിമയ പ്രതിസന്ധി മറികടക്കാനായിട്ടാണ് ഇത്തവണത്തെ വിവാഹം. മൂന്ന് പെണ്‍മക്കളെയും സാക്ഷിയാക്കിയാണ് ഇരുവരും സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്ററില്‍ ഒപ്പുവച്ചത്. മക്കള്‍ വിവാഹ ബൊക്ക സമ്മാനിച്ചു. ഈ മാതാപിതാക്കള്‍ അഭിമാനമാണെന്ന് മക്കള്‍ പ്രതികരിച്ചു.
1994 ഒക്ടോബര്‍ ആറിനാണ് ഇരുവരുടെയും ആദ്യ വിവാഹം. ഇസ്‌ലാമിക പിന്തുടര്‍ച്ച നിയമപ്രകാരം ഒരാള്‍ക്ക് പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ അയാള്‍ സ്വത്ത് വീതം വയ്ക്കാതെ മരിച്ചാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം പെണ്‍മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഒരു ഭാഗം അയാളുടെ സഹോദരനും ലഭിക്കും. ഇസ്‌ലാമിക നിയമപ്രകാരം പിതാവ് മരണപ്പെട്ടാല്‍ പെണ്‍മക്കളുടെ സംരക്ഷണ ബാധ്യത പിതാവിന്‍റെ സഹോദരനാണ്. അതിനാലാണ് ശരിഅ പ്രകാരം സ്വത്തിന്‍റെ ഒരു ഭാഗം പിതാവിന്‍റെ സഹോദരന് നല്‍കണമെന്ന് വിധിക്കുന്നത്. എന്നാല്‍ തന്‍റെ സ്വത്തിന്‍റെ ഭാഗം സഹോദരന് പോകാതിരിക്കാനും മുഴുവൻ സ്വത്തും തന്‍റെ പെണ്‍മക്കള്‍ക്ക് ലഭിക്കാനുമാണ് അഭിഭാഷകനായ ഷുക്കൂര്‍ ഇസ്‌ലാമിക നിയമം വിട്ട് സെപ്ഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹതിനായത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് ഇഷ്ടമുള്ളത് പോലെ സ്വത്ത് വീതം വയ്ക്കാൻ ശരിഅ അനുവാദം നല്‍കുന്നുണ്ട്. അതിന് അനന്തരാവകാശത്തിലെ ഒരു നിയമവും ബാധകമല്ല. എന്നാല്‍ ഇതൊന്നും സ്വീകാര്യമല്ല എന്ന നിലപാട് ഷുക്കൂറിനുള്ളത്.
ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 'ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ നടനാണ് ഷുക്കൂർ. കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയാണ് ഷീന.
ഇസ്‌ലാമിക നിയമപ്രകാരം സ്വത്തിന്‍റെ വീതം വയ്ക്കല്‍:ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് ഒരു മകള്‍ മാത്രമാണെങ്കില്‍ മൊത്തം സ്വത്തിന്‍റെ പകുതി ലഭിക്കും. ഒന്നിലധികം പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി നല്‍കും. ഒരു മകൻ മാത്രമാണെങ്കില്‍ മറ്റ് അവകാശികള്‍ക്ക് അവരുടെ സ്വത്ത് നല്‍കിയ ശേഷം ബാക്കിയുള്ള സ്വത്ത് മുഴുവൻ മകന് ലഭിക്കും. ഒന്നിലധികം ആണ്‍മക്കളാണെങ്കിലും മറ്റ് അവകാശികള്‍ക്ക് അവരുടെ സ്വത്ത് നല്‍കിയ ശേഷം ബാക്കിയുള്ള സ്വത്ത് മക്കള്‍ക്കിടയില്‍ തുല്യമായി പങ്കുവയ്ക്കും. ആണ്‍മക്കളും പെണ്‍മക്കളുമാണെങ്കില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വത്തിന്‍റെ അത്രയും ഭാഗം ആണ്‍കുട്ടിക്ക് നല്‍കും.
ജീവിച്ചിരിക്കുമ്പോള്‍ ഇഷ്ടം പോലെ ചെയ്യാം: ജീവിച്ചിരിക്കുന്ന കാലത്ത് അയാള്‍ക്ക് ഇഷ്ടമുള്ളത് പോലെ സ്വത്ത് എഴുതി നല്‍കാം. അനന്തരവകാശം ബാധകമാവുന്നത് ഒരാള്‍ ജീവിച്ചിരിക്കുന്ന കാലത്ത് സ്വത്ത് വീതം വയ്ക്കാതെ മരണപ്പെട്ടാലാണ്.