കാസർകോട് നടന്ന ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ പ്രതികരണം. എതിർപ്പാർട്ടിക്കാരനെ കൊന്നുതള്ളാൻ ഉത്തരവിട്ട് മൈതാനത്ത് നവോത്ഥാനം വിളമ്പുന്നവൻ്റെ മുഖത്ത് കാർക്കിച്ച് തുപ്പണമെന്ന് പോസ്റ്റിൽ പറയുന്നു. എന്നാണ് ചോരക്കൊതി തീരുകയെന്നും മുഖ്യമന്ത്രിയോട് ചോദിക്കുന്നുണ്ട്.
കാസര്‍കോട് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരത് ലാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.