കാസർകോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്‌ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് നീക്കി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരള പൊലീസ് ആക്‌ടിലെ 86 (3) വകുപ്പ് അനുസരിച്ചാണ് നടപടി.
ശിക്ഷാനടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി അദ്ദേഹത്തെ നേരിട്ടുകണ്ട് വാദങ്ങള്‍ വിലയിരുത്തിയിരുന്നു. അവ പരിഗണിച്ച സംസ്ഥാന പൊലീസ് മേധാവി ആ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വീസില്‍ നിന്ന് നീക്കം ചെയ്‌ത് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉദ്യോഗസ്ഥനെതിരെ നിരവധി തവണ വകുപ്പുതല നടപടികള്‍:ശിക്ഷാനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്‌തതിനാല്‍ പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് (ബിഹേവിയറല്‍ അണ്‍ഫിറ്റ്) കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആര്‍ ശിവശങ്കരൻ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനിലും 11 തവണ വകുപ്പുതല നടപടികള്‍ക്കും വിധേയനാവുകയും ചെയ്‌തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടത്.
നടപടി സര്‍ക്കാരിന് ഡിജിപി നല്‍കിയ ശുപാര്‍ശക്ക് പിന്നാലെ:പീഡനം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ നേരിട്ടവരെ സര്‍വീസില്‍ നിന്നും നീക്കാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി സിഐ മുതല്‍ എസ്‌പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ല പൊലീസ് മേധാവിമാരും പരിശോധിച്ചു വരികയാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ കഴിഞ്ഞ വർഷം തന്നെ സർക്കാർ തീരുമാനം എടുത്തിരുന്നു. അതിന്‍റെ ഭാഗമായി നടപടിയും ആരംഭിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ നിർദേശം നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ല തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിർദേശം നൽകിയിരുന്നു. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്‌മ പരിശോധന നടത്താൻ മൂന്നംഗ സമിതിയേയും നിയോഗിച്ചു.
2016 മുതല്‍ പിരിച്ചുവിട്ടത് 15 പൊലീസുകാരെ:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍ 828 പൊലീസുകാരാണ് ഉള്‍പ്പെട്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. കുറ്റകൃത്യത്തിൽ നൂറിലേറെ പേര്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. കൂടാതെ 200 പേര്‍ക്കെതിരെയുള്ളത് ദേഹോപദ്രവമേല്‍പ്പിക്കല്‍, കൈയേറ്റം, കൈക്കൂലി തുടങ്ങിയ കേസുകളാണ്. 2016 മുതല്‍ 15 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്.