കാസർകോട്: മുതിർന്ന കോൺഗ്രസ് നേതാവായ സി.കെ ശ്രീധരൻ പാർട്ടി വിട്ടു. ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ശ്രീധരൻ അറിയിച്ചു. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നും അതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്നും കാസർകോട് പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇനി സിപിഎമ്മിനൊപ്പം; പാർട്ടി വിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സികെ ശ്രീധരൻ രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറിയിട്ടുണ്ടെന്നും സ്ഥാനമാനങ്ങൾ മോഹിച്ചല്ല സിപിഎമ്മിൽ ചേരുന്നതെന്നും കെപിസിസി മുൻ ഉപാധ്യക്ഷൻ സി.കെ ശ്രീധരൻ വ്യക്തമാക്കി. നവംബർ 19ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയിൽ വെച്ചാകും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സി.കെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വീകരിക്കുക. നാൽപത്തിയഞ്ചു വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ശ്രീധരൻ സിപിഎമ്മിലേക്ക് പോകുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്‌തി പരസ്യമായി അദ്ദേഹം പ്രകടിപ്പിച്ചു. വർഗീയ ശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ജവഹർലാൽ നെഹ്‌റുവിന്‍റെ മഹത്തായ കാഴ്ച്ചപ്പാടുകളെപോലും തകർക്കാൻ ശ്രമം നടക്കുന്നുവെന്നും ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ: 'ഹൈക്കോടതി വിധി മാനിക്കുന്നു' ; നിയമ വിദഗ്‌ധരുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് പ്രിയ വർഗീസ്
വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ട്. കെപിസിസി അധ്യക്ഷൻ ആവർത്തിച്ച് ആർ.എസ്.എസിനെ വെള്ളപൂശാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കെ.സുധാകരൻ കെപിസിസി അധ്യക്ഷ പദവിക്ക് യോജിച്ചയാളല്ലെന്നും ശ്രീധരൻ പറഞ്ഞു.