കാസർകോട് :രണ്ടാം വന്ദേഭാരതിന് മുന്നോടിയായി റെയിൽവേ ഉന്നതതല സംഘം മംഗളൂരുവിൽ (Second Vande Bharat Express). ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‌ധരും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമാണ് മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ പരിശോധന നടത്തിയത്. തുടർന്ന് മംഗളൂരുവിലെ റെയിൽവേ സാങ്കേതിക വിദഗ്‌ധരുമായി ചർച്ച നടത്തി.
റെയിൽവേ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് സംഘം മംഗളൂരുവിൽ എത്തിയത്. രണ്ടാം വന്ദേഭാരതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് റെയിൽവേ ഉന്നതതല സംഘം അറിയിച്ചിട്ടുണ്ട്. മംഗളൂരുവിൽ ട്രെയിൻ അറ്റകുറ്റ പണികൾക്കായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതിൽ സംഘം പൂർണ സംതൃപ്‌തി അറിയിച്ചു.
സർവീസ് നടത്താൻ വന്ദേഭാരത് പൂർണ സജ്ജമാണെന്നും ജീവനക്കാർക്കായുള്ള പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് റെയിൽവേ മന്ത്രാലയമാണെന്നും ഉന്നതതല സംഘം അറിയിച്ചു. വന്ദേഭാരതിന്‍റെ അറ്റകുറ്റപണികൾക്കായി മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരിച്ച പിറ്റ് ലൈൻ അടക്കമുളള സൗകര്യങ്ങളാണ് രണ്ടാം വന്ദേഭാരതിൽ ഒരുക്കിയിരിക്കുന്നത്. ഇതും സംഘം പരിശോധിച്ചിട്ടുണ്ട്.