കാസർകോട്:മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്‌ഡിപിഐ. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുതീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കുമ്പോള്‍ ജയസാധ്യതയുള്ള ഇതര കക്ഷിയെ പിന്തുണക്കുകയെന്ന നയത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാദേശിക തലത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ്‌ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്‍റ് അഷറഫ് പറഞ്ഞു.
മഞ്ചേശ്വരത്ത് എസ്‌ഡിപിഐ പിന്തുണ മുസ്ലിം ലീഗിന്
സംസ്ഥാനത്ത് ഒരു വര്‍ഗീയ കക്ഷിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട്
എന്നാല്‍ മഞ്ചേശ്വരത്ത് എസ്‌ഡിപിഐയുടെ പിന്തുണ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് സി. പി ബാവഹാജി പറഞ്ഞു. സംസ്ഥാനത്ത് ഒരു വര്‍ഗീയ കക്ഷിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട്. സ്വമേധയാ ആരെങ്കിലും വോട്ട് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും ഏത് വ്യക്തിയുടെതാണെങ്കിലും വോട്ടിന് തുല്യ വിലയാണെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള എസ്‌ഡിപിഐ തീരുമാനത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണ പലയിടത്തും യുഡിഎഫിനാണ് ലഭിക്കുന്നതെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.