കേരളം

kerala

ETV Bharat / state

കാണാതായിട്ട് രണ്ട് മാസം; അധ്യാപകന്‍റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം - ചന്തേര പൊലീസ്

പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ്‌ അധ്യാപകനായ ബാബുവിനെ ഡിസംബർ 11 മുതലാണ് കാണാതായത്.

അധ്യാപകന്‍റെ തിരോധാനം  പടന്നക്കടപ്പുറത്ത് അധ്യാപകന്‍റെ തിരോധാനം  School Teacher missing case in Kasargod  School Teacher Babu missing case in Kasargod  Babu missing case in Kasaragod  അധ്യാപകൻ ബാബുവിന്‍റെ തിരോധാനം  ക്രൈംബ്രാഞ്ച്  ചന്തേര പൊലീസ്
കാസർകോട് അധ്യാപകന്‍റെ തിരോധാനം

By

Published : Feb 14, 2023, 5:51 PM IST

അധ്യാപകന്‍റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കാസർകോട്: പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഇംഗ്ലീഷ് അധ്യാപകൻ തൃക്കരിപ്പൂർ കണ്ണങ്കൈയിലെ എം ബാബുവിനെ (43) ദുരൂഹ സാഹചര്യത്തിൽ രണ്ട് മാസം മുൻപ് കാണാതായ സംഭവത്തിൽ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം. പൊലീസ് അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുന്നത്.

ഡിസംബർ 11 ന്‌ ഞായറാഴ്‌ച ഉച്ചയ്ക്കാണ് ബാബുവിനെ സ്‌കൂളിൽ നിന്നു കാണാതായത്. പരീക്ഷ ചുമതലയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ എത്തിയതാണ്. ബൈക്ക് സ്‌കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകൾ സ്വിച്ച് ഓഫിലുമായിരുന്നു. പിന്നാലെ സ്‌കൂൾ അധികൃതരും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സ്‌കൂളിന് സമീപമുള്ള കടല്‍ത്തീരത്തുവച്ച് അവസാനമായി കണ്ടതിനാൽ കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചന്തേര പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുമ്പൊന്നും ലഭിക്കാത്തതിനാൽ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ അടക്കം പൊലീസ് സംഘം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുമ്പ് ആന്ധ്രാപ്രദേശിൽ അധ്യാപകനായി ജോലി നോക്കിയതിനാൽ അന്വേഷണ സംഘം അവിടെയും എത്തിയിരുന്നു. സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇംഗ്ലീഷ് അടക്കം മൂന്നു ഭാഷകൾ സംസാരിക്കുമെന്നാണ് കുടുംബം പറയുന്നത്.

നേരത്തെ സ്‌കൂളിലെ ഒരു വിദ്യാർഥി ബാബുവിനെതിരെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അധ്യാപകനെതിരെ ചന്തേര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ വിദ്യാര്‍ഥി തുറന്നു പറഞ്ഞത്. എന്നാൽ ഇതു സത്യമല്ലെന്നാണ് ബാബുവിന്‍റെ കുടുംബം പറയുന്നത്.

ബാബുവിന്‍റെ ദുരൂഹമായ തിരോധാനം സ്‌കൂളിലും നാട്ടിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിവിധ സംഘടനകളും ജാഗ്രതയേറിയ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകന്‍റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

ABOUT THE AUTHOR

...view details