കാസർകോട്: ഒറ്റ പാട്ടു കൊണ്ട് മലയാളികളുടെ മനം കവർന്ന പാചക പുരയിലെ പാട്ടുകാരിയാണ് കാർത്ത്യായനി. പാട്ട് പഠിച്ചിട്ടില്ലാത്ത കാർത്ത്യായനിയുടെ പാട്ട് കേട്ടാൽ ആരും ആസ്വദിച്ചിരുന്നുപോകും. അമ്പലത്തറ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പതിനേഴ് വർഷമായി പാചക തൊഴിലാളിയാണ് കാർത്ത്യായാനി. അടുത്തിടെ സ്‌കൂളിൽ നടന്ന എൻഎസ്എസ് ക്യാമ്പിൽ പാടിയ ഓരൊറ്റ പാട്ടോടെയാണ് കാർത്ത്യായനിയിലെ പാട്ടുകാരിയെ നാടറിഞ്ഞത് (School Mid Day Meal Cook Karthyaani and Her Songs Got Viral).
എൻഎസ്എസ് ക്യാമ്പിന്‍റെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കാർത്ത്യായനി പാടിയത്. തുടര്‍ന്ന് ക്യാമ്പിലെ പാട്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തിയത്. പ്രശസ്‌ത ഗായകർ അടക്കം ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുടുംബശ്രീ പരിപാടികളിലും നാട്ടിലെ ചെറിയ പരിപാടികളിലും ഇടക്ക് പാടാറുണ്ടെന്ന് കാർത്ത്യായനി പറയുന്നു.