കാസർകോട് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച(5.07.2023) അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും കൂടി ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചു. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.
കാസര്‍കോട് ജില്ലയില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷം :അതേസമയം, ജില്ലയില്‍ ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഇടങ്ങളിൽ പലയിടത്തും ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇതോടെ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധി പരിഹരിക്കുവാൻ ജില്ല കലക്ടര്‍ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ദിവസങ്ങളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ജില്ലയിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരദേശമേഖലയിൽ കടലേറ്റവും രൂക്ഷമാണ്.