ന്യൂഡൽഹി : കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സാസൗകര്യം സംബന്ധിച്ച റിപ്പോർട്ട് ആറാഴ്‌ചയ്ക്കകം നൽകാൻ നിർദേശം നൽകി സുപ്രീംകോടതി. കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സാന്ത്വന പരിചരണം, ഫിസിയോതെറാപ്പി എന്നിവ സംബന്ധിച്ച സൗകര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരള സർക്കാറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ഉത്തരവ്. ദുരിതബാധിതർക്ക് നൽകുന്ന മെഡിക്കൽ, ഹെൽത്ത് കെയർ സൗകര്യങ്ങൾ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിനായാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ജില്ലയിലെ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്‍ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. നേരത്തെ എൻഡോസൾഫാൻ ബാധിതരായ 98 ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കും നഷ്‌ടപരിഹാരം നൽകിയതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആരോഗ്യവകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പരാതിയില്ലെങ്കിലും എൻഡോസൾഫാൻ ഇരകളുടെ ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പരിമിതിയുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കാസര്‍കോട് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.