കാസർകോട്:ആരോടും തർക്കത്തിനും എതിർപ്പിനുമില്ലെന്ന് സമസ്‌ത ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍.സംഘടനയുടെ ലക്ഷ്യം അതല്ല. ഈ സംഘടനയെ അവഗണിക്കാനാവില്ല(Samstha Kanthapuram Speech). നാട്ടിൽ മത മൈത്രിയും, സ്നേഹവും കാത്തുസൂക്ഷിച്ചത് ഈ സംഘടനയുള്ളതുകൊണ്ടാണെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍ പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം വിഭാഗം നടത്തുന്ന സമസ്‌ത നൂറാം വാര്‍ഷികവുമായി ബന്ധമില്ലെന്ന് സമസ്‌ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ പറഞ്ഞതിന് പിന്നാലെയാണ് കാന്തപുരത്തിന്‍റെ ഈ വാക്കുകള്‍. 1988ല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പുറത്തു പോയ ചിലര്‍ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവര്‍ത്തനം നടത്തി വരികയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി നൂറാം വാര്‍ഷികമെന്ന പേരില്‍ നടത്തുന്ന പരിപാടികളുമായി സമസ്‌തയ്ക്കോ സമസ്‌തയുടെ പോഷക സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ല.
സമസ്‌തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും അതിന്‍റെ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ട് അതില്‍ വഞ്ചിതാരാകാതിരിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.അവര്‍ പരിപാടി നടത്തുന്നതില്‍ വിരോധമുണ്ട്. ഞങ്ങളാണല്ലോ പരിപാടി നടത്തേണ്ടത്. മാതൃസംഘടനയിലേക്ക് മടങ്ങി വരാനാണെങ്കില്‍ അത് ഞങ്ങള്‍ സ്വാഗതം ചെയ്യും. പഴയ നിലപാട് കാന്തപുരം തിരുത്തിയെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മഹാസമ്മേളനം ചട്ടഞ്ചാൽ മാലിക് ദീനാർ നഗരിയിലാണ് നടന്നത്. സമസ്‌ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ - തൊഴില്‍ - നൈപുണ്യ വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്‌തതയും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തിൽ ഊന്നിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
സമ്മേളനത്തിൽ സമസ്‌തയുടെ 40 കേന്ദ്ര മുശാവറ അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.