കാസർകോട് :കാസര്‍കോട്-കാഞ്ഞങ്ങാട് പാതയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മൂന്നു യുവാക്കൾ. സംസ്ഥാന പാതയില്‍ മിക്കവാറും ദിവസങ്ങളിലും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. അപകടത്തിൽപെട്ട വാഹനങ്ങളാൽ പൊലീസ് സ്റ്റേഷനുകളും നിറഞ്ഞു.
ഐഎസ്എല്‍ ഫൈനല്‍ മല്‍സരം കാണാന്‍ ഗോവയിലേക്ക് ബൈക്കില്‍ പോയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചതും, സുഹൃത്തുകൾക്കൊപ്പം ബസ് ഷെൽട്ടറിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ കാർ ഇടിച്ചു യുവാവ് മരിച്ചതും, ഈദുല്‍ ഫിത്വറിന്‍റെ തലേന്ന് ഉപ്പയും മകനും അപകടത്തിൽപെട്ടതും ഇതേ പാതയിൽ തന്നെ. രാത്രി സമയത്താണ് ഭൂരിഭാഗം അപകടങ്ങളും നടന്നത്. റോഡിലെ വെളിച്ചക്കുറവും ഡിവൈഡര്‍ ഇല്ലാത്തതുമാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതരെ ധരിപ്പിച്ചെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല.
ഈ പാതയില്‍ ഒരു വർഷത്തിനിടെ നൂറിലേറെ അപകടങ്ങളില്‍ മരിച്ചത് 20 ലേറെ പേരാണ്. ഉദുമ, കളനാട്, മേല്‍പ്പറമ്പ്, പാലക്കുന്ന്, പള്ളിക്കര, മാണിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അപകടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്‌ടിപി നിര്‍മ്മിച്ച റോഡാണിത്.