കാസര്‍കോട്: റോഡുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന ബോധവത്കരണവുമായി പൊലീസിനൊപ്പം കുട്ടിപ്പൊലീസും. കാസര്‍കോട്ടെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ് ട്രാഫിക് അവബോധം വളര്‍ത്തുന്നതിന് നോട്ടീസ് വിതരണവുമായി നിരത്തിലിറങ്ങിയത്.
ഗതാഗത നിയമ ബോധവത്കരണവുമായി പൊലീസും കുട്ടിപ്പൊലീസും
പിഴയിലും ശിക്ഷയിലും അടിമുടി മാറ്റം വരുത്തിയതോടെ കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ പൊലീസ് ലക്ഷ്യമിടുന്നത്.
സീറ്റ് ബെല്‍റ്റ് ധരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ പിറകില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ഉപയോഗിക്കണം തുടങ്ങി ഗതാഗത നിയമങ്ങള്‍ ഏറെയുണ്ട്. പലപ്പോഴും ഈ നിയമലംഘനത്തിന് പിടിക്കപ്പെട്ടാലും തുച്ഛമായ പിഴയൊടുക്കി മടങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ പിഴയിലും ശിക്ഷയിലും അടിമുടി മാറ്റം വരുത്തിയതോടെ കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ പൊലീസ് ലക്ഷ്യമിടുന്നത്. പൊലീസുകാര്‍ക്കൊപ്പം കുട്ടിപ്പൊലീസും കാസര്‍കോട്ട് ഇതിനായി കൈ കോര്‍ത്തു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും എന്ന തലക്കെട്ടില്‍ ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ നോട്ടീസ് ആണ് വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളിലും ബോധവത്കരണ പരിപാടികള്‍ തുടരും. തുടര്‍ന്ന് നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് പൊലീസിന്‍റെ തീരുമാനം.