കാസർകോട് :റോയിറ്റേഴ്‌സിലെ മാധ്യമ പ്രവർത്തക ശ്രുതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഭർത്താവ് അനീഷ് ഒളിവിലെന്ന് പൊലീസ്. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അനീഷിനെ തേടി ബെംഗളൂരു പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ബെംഗളൂരു വൈറ്റ് ഫീൽഡ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അനീഷിന്‍റെ ചുഴലിയിലെ വീട്ടിൽ എത്തിയത്.
എന്നാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അനീഷിന്‍റെ മാതാപിതാക്കൾ ധർമശാലയിലെ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് പോയി. ഇടയ്ക്ക് അനീഷും ശ്രുതിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച ബന്ധുവിനെ കണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അനീഷ് എവിടെപ്പോയെന്ന് അറിയില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
അനീഷിനെ കണ്ടെത്താനുള്ള ശ്രമം ബെംഗളൂരു പൊലീസ് ഊർജിതമാക്കി. ഇതിനായി കേരള പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. അനീഷിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ ശ്രീകണ്‌ഠാപുരം സിഐ ഇ.പി സുരേഷ്, എഎസ്ഐ വിനോദ് കുമാര്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു. അനീഷിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് കേസ് എടുത്തിട്ടുള്ളത്.