കാസർകോട്: ബദിയടുക്കയിലെ ദന്ത ഡോക്‌ടർ കൃഷ്‌ണമൂർത്തിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡോക്‌ടർക്കെതിരെ കേസ് എടുത്തത് അന്വേഷണം നടത്താതെയെന്നും ബന്ധുക്കൾ ആരോപിച്ചു. കേസിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കാര്യക്ഷമമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
സംഭവത്തിൽ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ നടന്നില്ല എന്നാണ് കുടുംബവും ബിജെപിയും ആരോപിക്കുന്നത്. ക്ലിനിക്കിലുണ്ടായ അതിക്രമത്തിൽ പരാതി നൽകിയപ്പോൾ കേസ് എടുക്കാതെ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചു എന്നും കുടുംബം പറയുന്നു.