കാസര്‍കോട്: അശാസ്ത്രീയമായി നിര്‍മിച്ച ചെര്‍ക്കള ട്രാഫിക് സര്‍ക്കിളിന്‍റെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. നേരത്തെ നിര്‍മിച്ച സര്‍ക്കിള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കിയത്. 69 ലക്ഷം രൂപ ചെലവിലാണ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. പൊളിച്ചുനീക്കിയ സര്‍ക്കിളുകളുടെ നിര്‍മാണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്.
ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍ - പൊതുമരാമത്ത് വകുപ്പ്
അശാസ്ത്രീയമായി നിര്‍മിച്ച ട്രാഫിക് സര്‍ക്കിളും പാര്‍ക്കിങ് സര്‍ക്കിളും 2017 നവംബറില്‍ പൊളിച്ചുനീക്കിയിരുന്നു
സര്‍ക്കിളും തകര്‍ന്നുകിടക്കുന്ന റോഡും ഇളക്കിമാറ്റിയാണ് ബിഎംബിസി ടാറിങ് നടത്തിയത്. ഗതാഗതക്കുരുക്കും പൊടിശല്യവും ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിലായിരുന്നു നിര്‍മാണ പ്രവൃത്തികള്‍. 2017 നവംബറിലാണ് ട്രാഫിക് സര്‍ക്കിളും പാര്‍ക്കിങ് സര്‍ക്കിളും പൊളിച്ചുനീക്കിയത്. കാസര്‍കോട്ട് എത്തിയ മന്ത്രി ജി.സുധാകരന്‍ യാത്രാമധ്യേ സര്‍ക്കിള്‍ നിര്‍മാണത്തിലെ അപാകത കണ്ട് ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ തൊട്ടടുത്ത ദിവസംതന്നെ പൊളിച്ചുനീക്കിയെങ്കിലും പുനര്‍നിര്‍മാണ നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. സര്‍ക്കിളുകള്‍ നവീകരിച്ചതോടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്.