കാസർകോട്: അപൂർവ്വ ജീവികളാൽ സമ്പന്നമാണ് കേരളത്തിന്‍റെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണി പുരം. ആനയടക്കമുള്ള വന്യ മൃഗങ്ങളും വിവിധ തരം പാമ്പുകളും പക്ഷികളും തവളകളും ഇവിടെയുണ്ട്. വനം വന്യജീവി വകുപ്പും, റാണിപുരം വനസംരക്ഷണ സമിതി, ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി നടത്തിയ സർവേയിൽ കണ്ടെത്തിയത് മുപ്പതോളം അപൂർവജീവികളെയാണ്.
മഹാബലിത്തവള റാണിപുരം വനത്തിലുമുണ്ടാകുമെന്ന് കരുതിയാണ് സർവേ സംഘം പുറപ്പെട്ടത്. മഴക്കാടുകളിൽ കാണപ്പെടുന്ന അപൂർവയിനം പാതാളത്തവളയെ (പർപ്പിൾ ഫ്രോഗ്, മഹാബലിത്തവള) കണ്ടില്ലെങ്കിലും റാണിപുരത്ത് കണ്ടെത്തിയത് അപൂർവയിനം തവളകളെയും ഉരഗങ്ങളെയുമാണ്. മഞ്ഞ ഇലത്തവള, കേദ്രേമുഖ് ഇലത്തവള, തീവയറൻ നീർച്ചൊറിയൻ, ഗുണ്ടിയ പാറത്തവള, ലക്കിടി കവചവാലൻ പാമ്പ്, മോന്തയൂന്തി പാമ്പ് എന്നിവയെ സർവേയില്‍ കണ്ടെത്തി.
കണ്ടെത്തിയ 45 ഉഭയജീവികളിൽ 35 ഇനവും, 53 ഉരഗങ്ങളിൽ 15 ഇനവും പഞ്ചിമഘട്ടങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ്. ഉഭയ ജീവികളിൽ 12 ഇനവും, ഉരഗങ്ങളിൽ അഞ്ചിനവും വംശനാശഭീഷണി നേരിടുന്നതാണെന്നും സർവേയിൽ കണ്ടെത്തി. രാത്രിയിലും പകലുമായാണ് സർവേ നടന്നത്.