കാസര്‍കോട്: സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേരളത്തിലെ യു.ഡി.എഫിനെ ഭയപ്പെടുത്തിക്കളയാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല. ലാവലിന്‍ കേസ് വിചാരണക്ക് വരുന്നതിന്‍റെ അങ്കലാപ്പിലാണ് പിണറായി വിജയൻ. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് പവര്‍ഗ്രിഡ് അഴിമതിയില്‍ നടന്നതെന്നും രമേശ് ചെന്നിത്തല കാസര്‍കോട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിനെ ഭയപ്പെടുത്താമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട, കെ.എസ്.ഇ.ബിയില്‍ നടന്നത് തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല - പിണറായിക്ക് മറുപടി; അഴിമതി ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ചെന്നിത്തല
കിഫ്ബിയിലെ അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. കാര്യങ്ങള്‍ സുതാര്യമാണെങ്കില്‍ ഓഡിറ്റിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നത് എന്തിനെന്നും ചെന്നിത്തല
![യു.ഡി.എഫിനെ ഭയപ്പെടുത്താമെന്ന് മുഖ്യമന്ത്രി വിചാരിക്കേണ്ട, കെ.എസ്.ഇ.ബിയില്‍ നടന്നത് തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4508279-thumbnail-3x2-cm.jpg)
പവര്‍ഗ്രിഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങള്‍ അംഗീകരിക്കുന്ന തരത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രതികരണം. ജേക്കബ് തോമസിന്‍റെ കാലത്തെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പവര്‍ഗ്രിഡ് നിര്‍മാണത്തിന്‍റെ ചുമതല ചീഫ് എഞ്ചിനീയറില്‍ മാത്രം നിക്ഷിപ്തമാക്കിയതിന്ന് പിന്നില്‍ ദുരുഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കിഫ്ബി വഴിയുള്ള പദ്ധതികളില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന നിയമ സെക്രട്ടറിയുടെ ഉപദേശമാണ് സര്‍ക്കാര്‍ മറികടന്നത്. വൈദ്യുതി മന്ത്രിക്ക് ഇത് സംബന്ധിച്ച ഒരു കാര്യവും അറിയില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നത്. കള്ളം കയ്യോടെ പിടിച്ച വേവലാതിയാണ് മുഖ്യമന്ത്രിയുടെ മറുപടിയിലുള്ളത്. കിഫ്ബിയിലെ അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 60ശതമാനത്തിന് മുകളില്‍ സര്‍ക്കാര്‍ ഓഹരിയുണ്ടെന്നിരിക്കെ അവിടെയും ഓഡിറ്റിനെ എതിര്‍ക്കുകയാണ്. കാര്യങ്ങള്‍ സുതാര്യമാണെങ്കില്‍ ഓഡിറ്റിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.