കാസർകോട്: പ്രമാദമായ ഒളവറയിലെ രജനി വധക്കേസിൽ (Rejani murder) ഒന്നാം പ്രതി കണിച്ചറ സ്വദേശി സതീശന്(48) ജീവപര്യന്തം തടവ് ശിക്ഷയും (Life imprisonment) രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക്(59) അഞ്ച് വർഷം തടവും ശിക്ഷയും വിധിച്ചു. കാസർകോട് അഡീഷൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി രണ്ട് ലക്ഷം രൂപയും രണ്ടാം പ്രതി ഒരു ലക്ഷം രൂപ പിഴ അടയ്‌ക്കണം.
ഒന്നാം പ്രതിക്കെതിരെ കൊലപാതകം(Murder), തെളിവ് നശിപ്പിക്കൽ (Destruction of evidence) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. രണ്ടാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ എന്ന കുറ്റവും തെളിഞ്ഞു. അതേസമയം രജനിക്ക് നീതി ലഭിക്കാൻ രണ്ടാം പ്രതിക്കെതിരെ ഭാര്യ മൊഴി നല്‍കിയിരുന്നു.
മൊഴി മാറ്റുന്ന കാലത്തും അധ്യാപികയായ ഷെറിൻ മേരി മൊഴി മാറ്റാതെ നിന്നത് മാതൃക ആണെന്ന് കോടതി നിരീക്ഷിച്ചു. 2014 സെപ്റ്റംബർ 12നാണ് ഒളവറ സ്വദേശി രജനിയെ(34) കൊന്ന് കുഴിച്ചുമൂടിയത്. 2014 സെപ്റ്റംബർ ഒന്‍പത് മുതൽ മകൾ രജനിയെ കാണാനില്ലെന്നു പിതാവ് കണ്ണൻ ചന്തേര പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് 38 ദിവസത്തിന് ശേഷം രജനി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
അന്ന് നീലേശ്വരം ഇൻസ്പെക്‌ടറായിരുന്ന യു.പ്രേമൻ രജനിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണം വഴിത്തിരിവായി. രജനിയോടൊപ്പം ചെറുവത്തൂർ ബസ് സ്‌റ്റാൻഡിനു സമീപം ഹോം നഴ്‌സിങ് സ്ഥാപനം നടത്തുകയും രാത്രി അവിടെ താമസിക്കുകയും ചെയ്‌തിരുന്ന സതീശനെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും സതീശനെ വിവാഹം കഴിക്കണമെന്ന രജനിയുടെ ആവശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തെളിഞ്ഞു.