കാസര്‍കോട്: ഇടതിനെ കൈവിട്ട് കാസർകോട്. ശക്തമായ ഇടത് കോട്ടയിൽ യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് അട്ടിമറി വിജയം. പെരിയ ഇരട്ടക്കൊലപാതകമടക്കം ചർച്ചയായ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയവും ഇടതിന് തിരിച്ചടിയായി.
ചെങ്കോട്ട തകര്‍ത്ത് രാജ്മോഹൻ ഉണ്ണിത്താന്‍
ഇറക്കുമതി സ്ഥാനാർഥിയെന്ന പ്രചാരണം ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് നടത്തിയെങ്കിലും പെരിയ ഇരട്ടക്കൊലപാതകമടക്കമുള്ള വിഷയങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയായി.
മാറി മറിഞ്ഞ ലീഡ് നിലയായിരുന്നിട്ടും വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ കൃത്യമായ മുന്നേറ്റമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്. കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ നേടിയ വ്യക്തമായ ആധിപത്യമാണ് ഉണ്ണിത്താന് അനുകൂലമായത്. ഈ വിജയത്തോടെ നീണ്ട ഇടവേളക്ക് ശേഷം കാസർകോട്ടെ ഇടത് കോട്ടക്ക് ഇളക്കം വരുത്താൻ ഉണ്ണിത്താന് സാധിച്ചു. കാസര്‍കോട് മണ്ഡല ചരിത്രത്തില്‍ മൂന്ന് തവണയൊഴികെ എല്ലാ തെരഞ്ഞെടുപ്പിലും വിജയം ഇടതുമുന്നണിക്കൊപ്പമായിരുന്നു. ഇറക്കുമതി സ്ഥാനാർഥിയെന്ന പ്രചാരണം ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് നടത്തിയെങ്കിലും പെരിയ ഇരട്ടക്കൊലപാതകമടക്കമുള്ള വിഷയങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയായി. സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രവർത്തകരെയാകെ ആവേശത്തിലാക്കിയായിരുന്നു ഉണ്ണിത്താന്‍റെ പ്രചാരണം. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതും ഉണ്ണിത്താന്‍റെ വിജയത്തിൽ നിർണായകമായി. കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം വോട്ടുകളും സമാഹരിക്കാൻ സാധിച്ചതും നേട്ടമായി.