കാസര്‍കോട്:ജില്ലയില്‍ മത്സര രംഗത്തുള്ളവരില്‍ വനിതാ പ്രാതിനിധ്യമായി ഒരാള്‍ മാത്രം. അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയായി കരിവേടകം സ്വദേശി ആര്‍.രേഷ്‌മയാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാള്‍ കൂടിയാണ് ഇരുപത്തഞ്ചുകാരിയായ രേഷ്‌മ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധിയായ 25 വയസ് തികഞ്ഞതിന് തൊട്ട് പിന്നാലെയാണ് രേഷ്‌മ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പോരാട്ടം നിലവിലെ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനോടും മറ്റു മുന്‍നിര മുന്നണികളോടുമാണ്.
വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച പ്രവര്‍ത്തനത്തിലെ കരുത്തുമായി തെരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കുമ്പോള്‍ ജില്ലയിലെ 38 സ്ഥാനാര്‍ഥികളില്‍ ഏക വനിതാ സാന്നിധ്യമായും രേഷ്‌മ മാറുന്നു. ജില്ലയിലെ ദളിത് പോരാട്ടങ്ങളിലെ സജീവസാന്നിധ്യമായ രേഷ്‌മയെ പോരാട്ടത്തിലിറക്കിയ എഡിഎച്ച്ആര്‍എമ്മും ലക്ഷ്യമിടുന്നത് സ്ഥാനാര്‍ഥിയുടെ വോട്ടര്‍മാര്‍ക്കിടയിലെ സ്വാധീനം തന്നെയാണ്.