കാസർകോട്: വാളയാർ പെൺകുട്ടികളുടെ നീതി നിഷേധത്തിനെതിരെ പ്രതിഷേധ നാടകവുമായി നാടക് പ്രവർത്തകർ. കാസർകോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്താണ് നീതിന്യായ വ്യവസ്ഥിതിയുടെ കാഴ്‌ചകൾ മൂടപ്പെട്ടുവെന്ന് വിളിച്ചു പറയുന്ന തെരുവ് നാടകം അവതരിപ്പിക്കപ്പെട്ടത്. നാടകം അവതരിപ്പിച്ച ഓരോ നിമിഷത്തിലും ഞങ്ങൾക്ക് നീതി വേണമെന്നാണ് കാഴ്‌ചക്കാരോട് അവർ ഉറക്കെ വിളിച്ച് പറഞ്ഞത്.
വാളയാർ നീതി നിഷേധത്തിനെതിരെ പ്രതിഷേധ നാടകം
ന്യായാന്യായങ്ങൾക്കൊടുവിൽ നീതിയുടെ തുലാസുകൾ ഇരകൾക്കൊപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് ഇത്തരം പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് നാടക് പ്രവർത്തകർ പറഞ്ഞു.
വാളയാർ പെൺകുട്ടികൾ ഞങ്ങളുടെ വേദനയാണെന്ന മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുകളുമേന്തിയാണ് നാടക് പ്രവർത്തകർ സംഘടിച്ചത്. കമ്മിനിട്ടയുടെ കുറത്തി കവിതയിലെ വരികൾ ആലപിച്ചു കൊണ്ടിരിക്കെ ബസ് സ്റ്റാന്‍റിന്‍റെ ഒരുവശത്തായി നിലവിളികളുയർന്നു. തൂങ്ങി മരിച്ച നിലയിൽ രണ്ട് പെൺകുട്ടികൾ. നിലവിളിച്ച് സഹായമഭ്യർഥിക്കുന്ന മാതാപിതാക്കൾ. മക്കളെ പീഡിപ്പിച്ചയാളെ കൈയോടെ പിടികൂടിയിട്ടും നീതി നിഷേധിക്കപ്പെട്ടതിലെ പ്രതിഷേധമാണ് തെരുവിൽ നാടക് പ്രവർത്തകർ ഉയർത്തിയത്.
ഒരു പൈപ്പിനെ നീതിന്യായ സംവിധാനത്തിന്‍റെ പ്രതീകമാക്കിയായിരുന്നു നാടകാവതരണം. പൈപ്പിൽ ഒഴിക്കുന്ന വെള്ളം മറുഭാഗത്തെത്താതെ ചോർന്നു പോകുമ്പോൾ ജുഡീഷ്യറിക്ക് ഓട്ട വീണുവെന്നാണ് തെരുവ് നാടകം പറഞ്ഞുവെച്ചത്. ന്യായാന്യായങ്ങൾക്കൊടുവിൽ നീതിയുടെ തുലാസുകൾ ഇരകൾക്കൊപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് ഇത്തരം പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് നാടക് പ്രവർത്തകർ പറഞ്ഞു.