കാസർകോട് : പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്‌കൂളുകളും കോളജുകളും രാജ്യത്തിന്‍റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തെ പ്രശംസിച്ച അദ്ദേഹം, മഹാകവി വള്ളത്തോളിന്‍റെ 'മാതൃവന്ദനം' എന്ന കവിതയും പ്രഭാഷണത്തിൽ പരാമർശിച്ചു. ഇന്ത്യയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നിലാണ്. പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ്‌വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ട്. കേരളീയരുടെ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി.എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി.എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്. മഹാജ്ഞാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണ ഗുരു വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുണ്ട്. 'വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന അദ്ദേഹത്തിന്‍റെ വരികള്‍ എന്നും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.
നളന്ദയും തക്ഷശിലയും ഉള്‍പ്പടെ വിദ്യാഭ്യാസത്തിന്‍റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊര്‍ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വിജ്ഞാന നൂറ്റാണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അറിവ് ആഗോള സമൂഹത്തില്‍ ഒരു രാജ്യത്തിന്‍റെ സ്ഥാനം നിര്‍ണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് READ MORE: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പെരിയയില്‍ ; രാജ്മോഹന്‍ ഉണ്ണിത്താന് ക്ഷണമില്ല, പ്രതിഷേധം
ബിരുദധാരികളില്‍ കൂടുതലും പെണ്‍കുട്ടികളായതില്‍ സന്തോഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ബിരുദം നേടിയവരില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിന്‍റെ മൂന്നിരട്ടിയാണ് പെണ്‍കുട്ടികള്‍. 64 ശതമാനവും പെണ്‍കുട്ടികളാണ് യൂണിവേഴ്‌സിറ്റിയിലുള്ളത്.
ബിരുദം നേടിയ എല്ലാ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാർഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
അസാധാരണമായ കൊവിഡ് സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിത്. നമ്മുടെ ശാസ്ത്രജ്ഞര്‍ ഈ സാഹചര്യത്തില്‍ കൂടൂതല്‍ കണ്ടെത്തലുകള്‍ നടത്താനുള്ള ശ്രമത്തിലാണ്. നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കാതെ വയ്യ. ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷനാണ് രാജ്യത്ത് നടന്നത്. കൊവിഡ് കഴിഞ്ഞ വര്‍ഷം ആദ്യം വിദ്യാഭ്യാസത്തെ ബാധിച്ചു, പക്ഷേ സാങ്കേതിക പരിഹാരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങളുടെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി-രാഷ്ട്രപതി പറഞ്ഞു.
കേരളത്തിന്‍റെ സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും പച്ചപ്പ് നിറഞ്ഞ വയലുകളും ബീച്ചുകളും കായലുകളും കുന്നുകളും കാടുകളും സമുദ്രവും മറ്റും ഏറെ ആകര്‍ഷണീയമാണ്. ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ കിരീടമാണ് കാസര്‍കോട്. ക്യാമ്പസും വളരെ മനോഹരമാണ്.
ജൈവവൈവിധ്യത്താലും വൈവിധ്യമാര്‍ന്ന ഭാഷകളാലും സമ്പന്നമാണ് കാസർകോട്. മുന്‍ തലമുറകള്‍ സംരക്ഷിച്ചുപോന്ന അമൂല്യമായ പൈതൃകമാണിത്. ഏഴ് ഭാഷകളും യോജിച്ച് ജീവിക്കുന്നതുപോലെ പരിസ്ഥിതിയും കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.