കാസർകോട്: പൂരക്കളിയും പൂവിടലും ഇല്ലാതെ ഒരു പൂരക്കാലം. മീന മാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള നാളുകളിലെ ചടങ്ങുകളാണ് കൊറോണ വൈറസ് വ്യാപനത്തോടെ ഇല്ലാതായത്. പൂരം കുളിച്ചു മാടം കയറുക എന്ന ചടങ്ങ് ഇനി അടുത്ത മീന മാസത്തിൽ മാത്രം.
പൂരക്കളിയും പൂരം കുളിയുമില്ലാതെ പൂരക്കാലം - poorakkalam
വടക്കൻ കേരളത്തിലെ കാമദേവ പൂജയാണ് പൂരം. പൂരക്കാലത്ത് പൂക്കളെക്കൊണ്ട് കാമദേവരൂപമുണ്ടാക്കി കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നാരായണപൂജ നടക്കും. ആകാംഷയോടെ ഓരോ വടക്കരും കാത്തിരുന്ന പൂരക്കാലം ഇത്തവണ കൊവിഡിൽ നിശബ്‌ദമാവുകയാണ്
ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക. ഒമ്പത് ദിനങ്ങളിലായി കാമദേവനെ പൂവിട്ട് പൂജിക്കുന്നതാണ് ചടങ്ങ്. നിലവിളക്ക് കത്തിച്ച് പൂപ്പലകമേൽ പൂക്കൾ അർപ്പിക്കുമ്പോൾ കുട്ടികൾ കുരവയിടും. ഈ പൂക്കൾ ഉപയോഗിച്ച് പൂരത്തലേന്ന് കാമരൂപമുണ്ടാക്കും. ഭഗവതി കാവുകളിൽ പൂരക്കളിയും വിദ്വൽ സദസായ മറത്തു കളിയും അരങ്ങേറും. പതിനെട്ട് നിറത്തിലാണ് പൂരക്കളി. ക്ഷേത്ര തിരുവായുധങ്ങൾ പുറത്തെത്തിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രക്കുളത്തിൽ പൂരം കുളിച്ചു മാടം കയറും. ഇതോടെ പൂരാഘോഷങ്ങൾ സമാപിക്കും. ഇനിയത്തെ കൊല്ലവും നേരത്തെ കാലത്തേ വരണേ കാമാ എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കും.
കുട്ടിക്കൂട്ടത്തിന് എന്നും ആഘോഷമായിരുന്നു പൂരനാളുകൾ. കാലത്തിനൊപ്പം മുറ തെറ്റാതെ ഇക്കൊല്ലവും പൂരം വന്നെത്തിയെങ്കിലും കൊറോണ വ്യാപനത്തോടെ എങ്ങും ആളും ആരവവും ഒഴിഞ്ഞു. തെക്കൻ നാടുകളിൽ നിന്നും വ്യത്യസ്തമായ വടക്കൻ പൂരത്തിന് ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ്.