പൊലിയം തുരുത്തിൽ ഇക്കോ ടൂറിസം വില്ലേജ് ഒരുങ്ങുന്നു കാസർകോട് : ഒരേ സമയം പുഴയുടെയും വനത്തിന്‍റെയും വശ്യമനോഹര കാഴ്‌ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാവുന്ന പൊലിയം തുരുത്തിൽ ഇക്കോ ടൂറിസം വില്ലേജ് യാഥാർഥ്യമാകുന്നു. ഏപ്രിൽ മാസത്തോടുകൂടി നിർമാണം പൂർത്തിയാക്കി സഞ്ചാരികൾക്കായി ഇത് തുറന്നുകൊടുക്കും. എരിഞ്ഞിപ്പുഴ മലാങ്കടപ്പിന് സമീപമുള്ള പയസ്വിനിപ്പുഴയ്ക്ക് നടുവിലാണ് കാസർകോടിന്‍റെ പ്രകൃതി സൗന്ദര്യം അറിയാനും അനുഭവിക്കാനുമായി വില്ലേജ് ഒരുങ്ങുന്നത്.
ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും തൊഴിൽ സാധ്യത വർധിപ്പിക്കാനും 2018ലാണ് കർമംതൊടി ആസ്ഥാനമായുള്ള ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്‌മെന്‍റ് കോ ഓപ്പറേറ്റീവ് സൈാസൈറ്റി (സിറ്റ്‌കോസ്)എന്ന സഹകരണ സ്ഥാപനം തുടങ്ങിയത്. എരിഞ്ഞിപ്പുഴ, ഒളിയത്തടുക്കയിൽ ആറേക്കറോളം വരുന്ന തുരുത്തിന്‍റെ ഭൂപ്രകൃതിയിൽ മാറ്റം വരുത്താതെ പ്രകൃതി സൗഹൃദമായാണ് വില്ലേജ് ഒരുങ്ങുന്നത്. ഒന്നാം ഘട്ടം മൂന്നുമാസം കൊണ്ടും മൂന്നുവർഷം കൊണ്ട് പൂര്‍ണമായും യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയുടെ ചെലവ് പതിനാല് കോടിയാണ്.
പ്രവാസികളിൽ നിന്നടക്കം ഓഹരി സമാഹരിച്ചാണ് സ്വകാര്യവ്യക്തിയുടെ ഭൂമി ലീസിനെടുത്ത് പദ്ധതി നടപ്പാക്കുന്നത്. തുരുത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. തൂക്കുപാലം വഴി എത്തണം. പുഴയ്‌ക്ക് കുറുകെയുള്ള തൂക്കുപാലം യാത്ര സഞ്ചാരികൾക്ക് മികച്ച അനുഭവമാകും. പുഴയും സമീപത്തെ കാടും വെള്ളച്ചാട്ടങ്ങളും കാണാൻ ഒമ്പത് മീറ്റർ ഉയരമുള്ള വാച്ച് ടവറുണ്ടാകും. കുട്ടികൾക്കുള്ള കളിസ്ഥലം, ഓപ്പൺ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, നീന്തൽക്കുളം, ഭക്ഷണശാല, പച്ചക്കറി തോട്ടം, യോഗ സെന്‍റര്‍, ആയുർവേദ കേന്ദ്രം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ചെറുതും വലുതുമായ കോട്ടേജുകൾ,ചുറ്റും നടപ്പാത, കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്‌കുകൾ എന്നിവയുമുണ്ടാകും.
പുഴയുടെയും വനത്തിന്‍റെയും പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആദ്യത്തെ ടൂറിസം വില്ലേജ് എന്നതും പൊലിയം തുരുത്തിലെ പദ്ധതിയുടെ പ്രത്യേകതയാണ്. എന്നാല്‍ ചന്ദ്രഗിരി ഇക്കോ ടൂറിസം പദ്ധതിയുടെ മറവിൽ വൈദ്യുതി മോഷ്‌ടിച്ചതും കെ.എസ്.ഇ.ബി 85000 രൂപ പിഴ ഈടാക്കിയതും തുടക്കത്തില്‍ കല്ലുകടിയായിരുന്നു. അതേസമയം തൊഴിലാളികൾ ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി വലിച്ച് ഉപയോഗിച്ചത് സൊസൈറ്റിയുടെ അറിവില്ലാതെയാണെന്നാണ് സംഘം പ്രസിഡന്‍റിന്‍റെ വിശദീകരണം.