കാസര്‍കോട്: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് നിയന്ത്രണത്തില്‍ കാസര്‍കോട്. സമ്പൂർണ ലോക്ക് ഡൗൺ തുടരുന്ന ജില്ലയില്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. പൊതുവെ അത്യാവശ്യക്കാർ മാത്രമാണ് നിരത്തുകളിലിറങ്ങുന്നതെങ്കിലും നിയന്ത്രണങ്ങൾ പാലിക്കാതെ എത്തുന്നവരെ പൊലീസ് പിടികൂടുന്നുണ്ട്. പാസ് ഇല്ലാത്ത ആളുകളെ നിരത്തുകളിൽ അനുവദിക്കുന്നില്ല. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ബുധനാഴ്‌ച വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്‌തു. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അതേസമയം കർണാടക അതിർത്തികളിലെ റോഡുകളിൽ മണ്ണിട്ടാണ് ഗതാഗതം തടസപ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട് പൊലീസ് നിയന്ത്രണം ശക്തം - വ്യാജ സന്ദേശങ്ങൾ
സൈബർ സെല്ലിന്‍റെ സഹായത്തോടെ സമൂഹമാധ്യമങ്ങളിലെ ശബ്‌ദസന്ദേശങ്ങൾ ഉൾപ്പെടെയുള്ളവ നിരീക്ഷിക്കുന്നുണ്ട്
കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയും പൊലീസ് നടപടി തുടങ്ങി. സൈബർ സെല്ലിന്‍റെ സഹായത്തോടെ സമൂഹമാധ്യമങ്ങളിലെ ശബ്‌ദസന്ദേശങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നുണ്ട്. കൊവിഡ് 19 പോസിറ്റീവായ രോഗിയുടെ സാമ്പിൾ നെഗറ്റീവാണെന്ന രീതിയില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്‌ദസന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഗോളിയടുക്ക പള്ളിയിലെ ഉസ്‌താദ് കെ.എസ്.മുഹമ്മദ് അഷറഫിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്‌തു.
കൊവിഡ് പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ.എ.വി.രാംദാസ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത 45 പോസിറ്റീവ് കേസുകളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ഒരാള്‍ക്ക് മാത്രമാണ് നിലവില്‍ നെഗറ്റീവായിട്ടുള്ളത്. മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവായാല്‍ മാത്രമേ പൂര്‍ണമായും രോഗം മാറിയതായി പരിഗണിക്കുകയുള്ളൂ. ഇങ്ങനെ നാല് പരിശോധനകളും നെഗറ്റീവായാലും റൂം ക്വാറന്‍റൈന്‍ പാലിക്കണം. ഇതല്ലാതെ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് ഡിഎംഒ കൂട്ടിച്ചേര്‍ത്തു.