കാസർകോട്: കാഞ്ഞങ്ങാട്ട് ശസ്‌ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ശശിരേഖ ആശുപത്രിക്കെതിരെ കേസുടത്ത് പൊലീസ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഗർഭപാത്രവുമായി ബന്ധപ്പെട്ട താക്കോൽദ്വാര ശസ്‌ത്രക്രിയക്കിടെയാണ് ചെറുവത്തൂർ സ്വദേശിനി നയന(32) മരിച്ചത്.
ഡോക്‌ടർമാരുടെ വീഴ്ച്ചയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ ശശിരേഖ ആശുപത്രിക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. യുവതിയുടെ അസ്വാഭാവിക മരണത്തിനാണ് കേസ്. ഗർഭപാത്രത്തിൽ അടിഞ്ഞുകൂടിയ പാട നീക്കം ചെയ്യുന്നതിനായി ചൊവ്വാഴ്ച രാവിലെയാണ് നയനയും ഭർത്താവും കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്.
രണ്ട് മണിക്കൂർ നീളുന്ന താക്കോൽദ്വാര ശസ്‌ത്രക്രിയയാണ് ഡോക്‌ടര്‍ നിർദേശിച്ചിരുന്നത്. എന്നാൽ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ ആരോഗ്യനില ഗുരുതരമായെന്നും ഉടൻ മംഗളൂരുവിലേക്ക് മാറ്റണമെന്നും ഡോക്‌ടർ അറിയിച്ചു. എന്നാൽ യാത്രാമധ്യേ യുവതി മരിച്ചു.
ശസ്‌ത്രക്രിയക്കിടെ ഡോക്‌ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെറിയ ശസ്‌ത്രക്രിയ മതിയെന്നും മൂന്നുമണിക്കൂറിനകം വിട്ടിലേക്കുമടങ്ങാമെന്നും ഡോക്‌ടർ പറഞ്ഞതുപ്രകാരമാണ് നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷം ചികിത്സിച്ച ഡോക്‌ടർ ഉൾപ്പടെ മരണത്തിനുത്തരവാദികളായവരെ കേസിൽ പ്രതിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്‌ടർ ബന്ധുക്കൾ അറിയാതെ രക്ഷപ്പെട്ടുവെന്നും പരാതിയുണ്ട്. മൃതദേഹവുമായി നാട്ടുകാർ ആശുപത്രിയുടെ മുന്നിൽ ഏറെ നേരം പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. അതേസമയം ശസ്‌ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.