കാസർകോട്:വനമേഖലയോട് ചേർന്നുള്ള അതിർത്തികളിലെ പൊലീസ് ഡ്യൂട്ടി സാഹസികം. കാസർകോട് ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരിയിൽ ആനത്താരയോട് ചേർന്നാണ് പൊലീസ് ചെക്ക് പോസ്റ്റ്. കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങുന്ന വനമേഖലയിൽ ഒരു ലാത്തി മാത്രം കൈയിൽ കരുതിയാണ് രാത്രികാലങ്ങളിൽ പൊലീസുകാർ കഴിയുന്നത്. വൈദ്യുതി പോലുമില്ലാത്തതിനാൽ സന്ധ്യയായാൽ ടോർച്ചും മെഴുകുതിരി വെളിച്ചവുമാണ് ഇവർക്ക് ആശ്രയം.
കൊവിഡിനൊപ്പം വന്യമൃഗങ്ങളും; തലപ്പച്ചേരിയില്‍ പൊലീസിന് സാഹസിക ഡ്യൂട്ടി - കാസർകോട് ദേലംപാടി
കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങുന്ന വനമേഖലയിൽ ഒരു ലാത്തി മാത്രം കൈയിൽ കരുതിയാണ് രാത്രികാലങ്ങളിൽ പൊലീസുകാർ കഴിയുന്നത്
കർണാടകയിലെ സുള്ള്യ, മണ്ടക്കോൽ പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന തലപ്പച്ചേരിയിൽ ഊടുവഴികളിലൂടെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് തടയാനാണ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ ജനവാസ മേഖലയിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ചെക്ക് പോസ്റ്റ്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡ്ഡിലിരുന്നാണ് ഇവിടെ പൊലീസുകാർ അതിർത്തി ചുമതല നിർവഹിക്കുന്നത്. 24 മണിക്കൂറിലേക്ക് രണ്ട് പൊലീസുകാരെ വീതമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്
ആദ്യമൊക്കെ ഡ്യൂട്ടിക്ക് വരുന്ന പൊലീസുകാർ ഭക്ഷണം പൊതിഞ്ഞു കൊണ്ടു വരുമായിരുന്നു. പിന്നീട് ഇവരുടെ പ്രയാസമറിഞ്ഞ് അഡൂർ, ദേവറഡുക്ക പ്രദേശങ്ങളിലുള്ളവർ ഭക്ഷണമെത്തിച്ചു നൽകുന്നുണ്ട്. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയാണെങ്കിലും തലപ്പച്ചേരിയിൽ എത്തിയാൽ മനോധൈര്യം കൈവിടാതെ വന്യമൃഗങ്ങളേയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് പൊലീസുകാർ.