കാസര്‍കോട്: ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയ്‌ക്ക് 88 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാമത്തടുക്ക സ്വദേശി മുഹമ്മദ് എന്ന എസല്ലൂര്‍ മുഹമ്മദിനാണ് (60) ശിക്ഷ വിധിച്ചത്. കാസർകോട് അഡിഷണൽ ജില്ല ആന്‍ഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ് എ മനോജാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചിലെങ്കില്‍ ഏഴ് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. പത്ത് സാക്ഷികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. പതിനഞ്ച് രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. ആദൂർ ഇൻസ്പെക്‌ടര്‍ ആയിരുന്ന കെ.പ്രേംസദനായിരുന്നു കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രകാശ് അമ്മണ്ണായ ഹാജരായി. 2019 ലാണ് ഒന്‍പത് വയസുകാരി ബലാത്സംഗത്തിന് ഇരയായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോയാണ് പീഡനത്തിന് ഇരയാക്കിയത്.
മറ്റൊരു കേസിലും ശിക്ഷ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള സ്വദേശി ബംബ്രാണ തലക്കളയിലെ കെ.ചന്ദ്രശേഖരനാണ് (56) കാസർകോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്സോ) ജഡ്‌ജ് എ.വി ഉണ്ണികൃഷ്‌ണന്‍ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. കുമ്പള എസ്ഐ ആയിരുന്ന സന്തോഷാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ പ്രിയ ഹാജരായി. പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെയാണ് കേസില്‍ കോടതി ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്‌പദമായ സംഭവം.
തലസ്ഥാനത്തും ഇന്നലെ പീഡന പ്രതിക്ക് ശിക്ഷ വിധിച്ചു:സമാനമായ പീഡന കേസുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ ഇന്നലെ ഒരാള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു. പതിനൊന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചിറയന്‍കീഴ് സ്വദേശി മധുവിനാണ് കോടതി ശിക്ഷ വിധിച്ചത്. 40 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയുമാണ് ഇയാള്‍ക്കെതിരെ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജ് ആജ് സുദര്‍ശനന്‍ ശിക്ഷ വിധിച്ചത്.