വയനാട് :വയനാട്ടിലെ വനം കുംഭകോണം രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആയുസ് കുറിക്കാന്‍ പോന്നതാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഈ അഴിമതി മറച്ചുവയ്ക്കാനാണ് ബിജെപിയെ വേട്ടയാടുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
പിണറായി സര്‍ക്കാര്‍ നടത്തുന്ന ബിജെപി വേട്ടക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read more: മരംമുറി കേസ്; പ്രതിയും ഡിഎഫ്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
രാഷ്‌ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കാനും അവരെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളുടേത് പോലെയാണ്.
'മറുപടി പറയേണ്ടത് ബിഎസ്‌പി'
മഞ്ചേശ്വരത്ത് ബിഎസ്‌പിയുടെ സ്ഥാനാർഥി പത്രിക പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് ബിജെപി നേതാക്കളല്ല ബിഎസ്‌പിയാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.പത്രിക പിന്‍വലിച്ച ശേഷം നല്‍കിയ മൊഴിയില്‍ നിന്നും കെ. സുന്ദര മാറിയത് എങ്ങനെയെന്ന് അന്വേഷിക്കണം.
നൂറ്റമ്പതോളം കോടിയുടെ സ്വര്‍ണ നിക്ഷേപ തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗിൻ്റെ നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കൂട്ടാക്കാതിരുന്ന പൊലീസ് ആ കേസില്‍ നടപടി എടുക്കാന്‍ തയാറായത് ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്.