കാസർകോട്:എ കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ്. കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും പെട്ടന്ന് രക്ഷപെട്ടാൽ എല്ലാവരും രക്ഷപ്പെടുമെന്നും പികെ കൃഷ്‌ണദാസ് പറഞ്ഞു. അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം കേരളത്തിൽ ഗുണകരമായുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ നയങ്ങൾ അംഗീകരിച്ചാണ് അദ്ദേഹത്തിന്‍റെ മാറ്റം. കൂടുതൽ കോൺഗ്രസ് നേതാക്കൾ അനിൽ ആന്‍റണിയുടെ പാത പിന്തുടരണമെന്നും കൃഷ്‌ണദാസ് പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ധാരാളം നേതാക്കളും അനുയായികളും ബിജെപിയിലേക്ക് വരികയാണ്. അതിന്‍റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകും, അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ആന്‍റണിയുടെ ബിജെപി അംഗത്വം: ബിജെപിയുടെ സ്ഥാപക ദിനമായ ഇന്നലെയായിരുന്നു അനിൽ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ മുൻപ് എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, കെപിസിസി ഡിജിറ്റൽ മീഡിയ എന്നീ പദവികളിൽ അനിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, കുറച്ച് നാളുകൾക്ക് മുൻപ് അനിൽ തന്‍റെ സ്ഥാനമാനങ്ങളിൽ നിന്നും രാജി വച്ചു.
ബിജെപിയിൽ അംഗത്വം സ്വീകരിച്ച ശേഷം ബിജെപി രാഷ്‌ട്രത്തിനായി പ്രവർത്തിക്കുന്നു എന്നും കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്നുമായിരുന്നു അനിൽ ആന്‍റണി പ്രതികരിച്ചത്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല ബിജെപി അംഗത്വം സ്വീകരിച്ചത്. മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവർത്തിക്കുമെന്നും അനിൽ വ്യക്തമാക്കിയിരുന്നു.